രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.
സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യാഡിന്റെ മെഗാ ഫൈനല്‍ ചെന്നൈയില്‍ നടക്കുന്ന സീ ഫുഡ് എക്‌സ്‌പോ ഭാരത് 2025 ന്റെ ഭാഗമായി നടക്കും.
പരിശീലനത്തിലൂടെ നേടിയെടുത്ത കഴിവുകള്‍ വിലയിരുത്തുന്നതിനായി കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്കായി എംപിഇഡിഎ വിവിധ ഘട്ടങ്ങളില്‍ നൈപുണ്യ പരിശോധനകള്‍ നടത്തി. സ്‌കില്‍ ഒളിമ്പ്യാഡിന്റെ പ്രാഥമിക റൗണ്ടുകള്‍ മെയ് 29 ന് കൊച്ചിയിലും ജൂണ്‍ 5 ന് വിശാഖപട്ടണത്തും നടന്നു.
കിഴക്കന്‍-പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്നായി അഞ്ച് പേര്‍ വീതമാണ് ജൂണ്‍ 30 ന് ചെന്നൈയില്‍ നടക്കുന്ന സെമി ഫൈനലിന് തിരഞ്ഞെടുക്കപ്പെട്ടത്. സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 4 പേര്‍ക്ക് സ്‌കില്‍ ഒളിമ്പ്യാഡിന്റെ ഫൈനലില്‍ മത്സരിക്കാം.
വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,00,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 75,000, 50,000 രൂപ വീതവും നാലാം സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനമായി 25,000 രൂപയും നല്‍കും.
സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, വിദേശ രാജ്യങ്ങളിലെ ബയര്‍മാര്‍, സീഫുഡ് എക്സ്പോ ഭാരത് 2025 ലെ പ്രതിനിധികള്‍, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ സ്‌കില്‍ ഒളിമ്പ്യാഡിന് സാക്ഷ്യം വഹിക്കും.
പരിപാടിയുടെ ഭാഗമായി 116 ലധികം സ്റ്റാളുകളുള്ള വലിയ എക്‌സിബിഷന്‍ ഏരിയ ഒരുക്കിയിട്ടുണ്ട്. 3,000 ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉത്പാദകര്‍ക്കും സന്ദര്‍ശകര്‍ക്കും തമ്മില്‍ മികച്ച ബിസിനസ് ആശയവിനിമയം നടത്തുന്നതിനും സാങ്കേതിക പുതുമകള്‍ പങ്കുവയ്ക്കുന്നതിനും വ്യവസായത്തിലെ പുതിയ പ്രവണതകള്‍ മനസിലാക്കുന്നതിനും ഈ വേദി ഉപകരിക്കും.
സ്‌കില്‍ ഒളിമ്പ്യാഡില്‍ വിജയിച്ചവരുടെ ഉത്പന്നത്തിന്റെ പ്രദര്‍ശനവും മൂല്യവര്‍ധിത സമുദ്ര വിഭവങ്ങളുടെ ടേസ്റ്റിംഗ് സെഷനും ഇതിനോടനുബന്ധിച്ച് സ്‌കില്‍ ഒളിമ്പ്യാഡ് പവലിയനില്‍ നടക്കും.
ഇന്ത്യയുടെ സമുദ്രോത്പന്ന മൂല്യവര്‍ദ്ധിത മേഖലയെ കരുത്തുറ്റതാക്കുന്നതിനും അതിലൂടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുമായി വര്‍ഷം തോറും ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു.