മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 13 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 11 .35 ഓടെയാണ് മുല്ലപെരിയാര്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. ജനവാസമേഖലയായ വള്ളക്കടവിലേക്കാണ് ആദ്യം വെള്ളം ഒഴുകിയെത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു.
10 സെന്റി മീറ്റര്‍ മാത്രമാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദേശം. നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ സെക്കന്‍ഡില്‍ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സെക്കന്‍ഡില്‍ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയില്‍ വെള്ളം മാത്രമേ സ്പില്‍വേ ഷട്ടറുകള്‍ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.
അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാം.