കൊച്ചി : എം എസ് സി എല്‍സ – 3 കപ്പല്‍ അപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം.എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാനാകുമോയെന്നതില്‍ എതിര്‍കക്ഷികളായ മെഡിറ്ററേനിയന്‍ കപ്പൽ കമ്പനി നിലപാട് അറിയിക്കും.
നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുംവരെ എംഎസ് സിയുടെ മറ്റൊരു കപ്പലായ എംവി അകിറ്റെറ്റ 2 വിഴിഞ്ഞം തീരം വിടുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. കപ്പലപകടത്തെ തുടര്‍ന്ന് സമുദ്രത്തിലെയും തീരപ്രദേശത്തെയും പാരിസ്ഥിതിക – ജൈവ ആവാസ വ്യവസ്ഥയിലുണ്ടായ നഷ്ടം നികത്തുന്നതിനായാണ് കേരളം നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ് സി എല്‍സ-3 കപ്പൽ അപകടം.