മുംബൈ :ജനിച്ചിട്ട് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ കൂടെ യാത്ര ചെയ്ത യുവതികളെ ഏല്പിച്ചു അമ്മ മുങ്ങി. മുംബൈക്കടുത്തു സീവുഡ്‌സ് സ്റ്റേഷനിൽ ആണ് സംഭവം.കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട് .
കുഞ്ഞും മൂന്നാലു ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ തനിക്ക് സീവുഡ്‌സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നു പറഞ്ഞതായിട്ടാണ് കൂടെ യാത്ര ചെയ്തിരുന്ന രണ്ടു യുവതികൾ പറയുന്നത് .ജൂയി നഗറിൽ ആളാണ് യുവതികൾക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ അമ്മയെയും കുഞ്ഞിനേയും സഹായിക്കാൻ യുവതികൾ അവരുടെ യാത്ര സീവുഡ്‌സ് സ്റ്റേഷനിൽ വരെ നീട്ടി .ട്രെയിൻ സീവുഡ്‌സിൽ എത്തിയപ്പോൾ യുവതികൾ രണ്ടുപേരും ആദ്യം പുറത്തിറങ്ങി .തുടർന്ന് ‘അമ്മ കുഞ്ഞിനെ അവർക്ക് കൈമാറുകയും ചെയ്തു. ലഗേജ് എടുത്തിട്ടു വരാം എന്ന് പറഞ്ഞു സീറ്റിനു അടുത്തേക്ക് പോയ അമ്മ പിന്നെ തിരിച്ചുവന്നില്ല .ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ‘അമ്മ അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയത് ആകുമെന്ന് കരുതി യുവതികൾ, അവർ അടുത്ത സ്റ്റേഷനായ ബേലാപ്പൂരിൽ ഇറങ്ങി തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നു.
എന്നാൽ സമയം കഴിഞ്ഞും അവർ എത്താതിരുന്നതിനെ തുടർന്നാണ് ചതി മനസിലായത്.യുവതികൾ പോലീസിൽ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മുങ്ങിയ യുവതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിലിറങ്ങി പുറത്തേക്ക് പോയെന്ന് കണ്ടെത്തി. ലോക്കൽ സ്റ്റേഷനുകളിൽ ഇത്തരം സംഭവങ്ങൾ കൂട്ടുന്നതായാണ് പോലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നു.