യു എസ് എ : സാമ്പത്തിക തട്ടിപ്പ് നടത്തി അമേരിക്കയിലേക്ക് കടന്ന മോണിക്ക കപൂറിനെ യുഎസിൽ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസ് രജിസ്റ്റർ ചെയ്ത് 25 വർഷങ്ങൾക്കു ശേഷമാണ് മോണിക്ക പിടിയിലാവുന്നത്. ഇന്ന് രാത്രിയോടെ ഇവരെ ദില്ലിയിൽ എത്തിക്കും. മോണിക്കയുമായി സിബിഐ സംഘം രാജ്യത്തേക്ക് പുറപ്പെട്ടു. തട്ടിപ്പ് കേസിൽ പ്രതിയായതിനു പിന്നാലെ 1999 ലാണ് മോണിക്ക, യുഎസിലേക്ക് കടന്നത്.
ഇന്ത്യ– യുഎസ് ഉഭയകക്ഷി ഉടമ്പടി പ്രകാരം ന്യൂയോർക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവ് പുറപ്പടുവിച്ചത്. ഇന്ത്യയിലെത്തിയാൽ കൊടുംമർദനത്തിന് ഇരയാകുമെന്നും തന്നെ കൈമാറുന്നത് ഫറ നിയമങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാണിച്ച് മോണിക്ക നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സി ബി ഐ കസ്ററഡിയിൽ വിടാൻ തീരുമാനിച്ചത്.
ആഭരണ ബിസിനസിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്. വ്യാജ രേഖകൾ ചമച്ച് സഹോദരന്മാരായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്നാണ് മോണിക കപൂർ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഫ്രീ ലൈസൻസുകൾ നിയമവിരുദ്ധമായി നേടിയെടുക്കാൻ ഈ വ്യാജ രേഖകൾ ഉപയോഗിച്ചതായും ഇത് ഇന്ത്യൻ ഖജനാവിന് 679,000 യുഎസ് ഡോളറിലധികം നഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മോണിക്കയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മോണിക്കയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും വിചാരണ നടപടികൾ ആരംഭിക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുഎസ് കൈമാറ്റ ഉടമ്പടി പ്രകാരം 2010 ഒക്ടോബറിൽ മോണിക്ക കപൂറിനെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു.