മലയാളത്തിന്റെ മോഹന്‍ലാലിന് ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ ആദരം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ സഭയില്‍ ആദരിക്കപ്പെട്ടത്. ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ പാര്‍ലമെന്റിലെത്തിയത്. ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. തന്റെ പേരുവിളിക്കുമ്പോള്‍ താരം ഗാലറിയില്‍നിന്ന് ബഹുമാനത്തോടെ എഴുന്നേല്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കര്‍ ഡോ. ജഗത് വിക്രമരത്നെ, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ് എന്നിവരെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ കുശാനി റൊഹനദീരയും കൂടിക്കാഴ്ചയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ലഭിച്ച ഹൃദ്യമായ സ്വീകരണത്തില്‍ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയെയും, സ്പീക്കര്‍ ഡോ. ജഗത് വിക്രമരത്നയെയും, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിനെയും, പ്രിയ സുഹൃത്ത് ഇഷാന്ത രത്നായകയെയും കാണാന്‍ സാധിച്ചത് ഒരു യഥാര്‍ത്ഥ ഭാഗ്യമായിരുന്നു. ഈ ശ്രീലങ്കന്‍ സന്ദര്‍ശനത്തെ അവിസ്മരണീയമാക്കിയതിന് ഏറെ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഹേഷ് നാരായണന് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. പാട്രിയറ്റ് എന്നാണ് സിനിമയുടെ പേരെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയാകുകയാണ്. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ ദര്‍ശന രാജേന്ദ്രന് തുടങ്ങിയവര്‍ ശ്രീലങ്കന്‍ ഷെഡ്യൂളിലുണ്ട്. നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരും ബിഗ്ബജറ്റ് സിനിമയുടെ ഭാഗമാണ്.