ഐസ്വാൾ : മിസോറാമിന്റെ തലസ്ഥാനം രണ്ടാമത്തെ അന്താരാഷ്ട്ര അർബൻ ഡൗൺഹിൽ മൗണ്ടൻ ബൈക്കിംഗ് ചലഞ്ചിന് ഒരുങ്ങുകയാണ്, ഈ നവംബറിൽ ഐസ്വാൾ വീണ്ടും റെഡ് ബുൾ ഐസ്വാൾ ത്ലാങ് റുവാമിന് ആതിഥേയത്വം വഹിക്കുമെന്ന് സ്ഥിരീകരിച്ചു.
സ്‌പോർട്‌സ്, ടൂറിസം മന്ത്രി ലാൽങ്‌ഹിംഗ്ലോവ ഹ്മാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഉയർന്ന അഡ്രിനാലിൻ റേസിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി അദ്ദേഹം പ്രധാന സർക്കാർ ഉദ്യോഗസ്ഥരുമായും ഇവന്റ് നടത്തിപ്പുകാരുമായും കമ്മ്യൂണിറ്റി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
ഏഷ്യയിലെ ആദ്യത്തെ അർബൻ ഡൗൺഹിൽ ബൈക്കിംഗ് ഇവന്റായി കഴിഞ്ഞ വർഷം നടത്തിയ റേസ് വാൻ തോതിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. കൂടുതൽ വെല്ലുവിളി നിറഞ്ഞ റൗണ്ടുകളും വിശാലമായ റൈഡർ അടിത്തറയും നൽകുന്നതിനായി റേസ് വിപുലീകരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള മിസോറാമിന്റെ ശേഷിയുടെ പ്രതീകമാണ് ഐസ്വാൾ ത്ലാങ് റുവാം. ഒരു കായിക വിനോദം എന്നതിലുപരി, യുവാക്കളുടെ ഇടപെടൽ, പ്രാദേശിക സാമ്പത്തിക വളർച്ച, ആഗോള കണക്റ്റിവിറ്റി എന്നിവ വളർത്തിയെടുക്കാനുള്ള അവസരമാണിതെന്നും കായികമേളയ്ക്ക് പിന്നിലെ വിശാലമായ ലക്‌ഷ്യം ചൂണ്ടിക്കാട്ടി ടൂറിസം മന്ത്രി പറഞ്ഞു.
2024 ഒക്ടോബറിൽ നടന്ന ഉദ്ഘാടന പതിപ്പ് ലോകമെമ്പാടുമുള്ള ഉന്നതരായ ഡൗൺഹിൽ ബൈക്കർമാരെ ഐസ്വാളിലെത്തിച്ചു. ഇത് ആഗോള സാഹസിക കായിക ഭൂപടത്തിൽ മിസോറാമിന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. കുത്തനെയുള്ളതും വളഞ്ഞുപുളഞ്ഞതുമായ പടിക്കെട്ടുകളിലൂടെയും ഇടുങ്ങിയ ഇടവഴികളിലൂടെയും റൈഡർമാർ തങ്ങളുടെ മികവ് പ്രകടമാക്കി.
നവംബറിൽ കൂടുതൽ സാങ്കേതിക വെല്ലുവിളികൾ ഉൾക്കൊള്ളുന്നതും ആഗോള ഡൗൺഹിൽ റേസിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതുമായ മെച്ചപ്പെടുത്തിയ റേസിംഗ് റൂട്ടാവും ബൈക്കർമാരെ കാത്തിരിക്കുന്നത്. ഐസ്വാളിനെ കായിക പ്രേമികളുടെ പുതിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി, റെഡ് ബുള്ളുമായും മറ്റ് സ്വകാര്യ സ്പോൺസർമാരുമായും സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ് വൻ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
