ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ വനിതാ എ ടീമിനെതിരെ രണ്ടാം ഏകദിനത്തിലും ഇന്ത്യ എ ടീമിന് ആവേശ വിജയം. ഓൾറൗണ്ട് മികവിൽ രണ്ട് വിക്കറ്റായിരുന്നു ഇന്ത്യൻ വനിതകൾ കങ്കാരുക്കളെ വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. മൂന്നാം മത്സരത്തിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രണ്ടാം ഏകദിനത്തിൽ നിർണായകമായത് മലയാളി താരം മിന്നു മണിയുടെ തകർപ്പൻ പ്രകടനമാണ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിത എ ടീം ഓപ്പണർ അലിസ ഹീലിയുടെ തകർപ്പൻ ഇന്നിംഗ്സിലാണ് 265 റൺസ് അടിച്ചെടുത്തത്. 87 പന്തിൽ 91 റൺസായിരുന്നു ഹീലിയുടെ സംഭാവന. പുറത്താകാതെ 41 റൺസെടുത്ത കിം ഗാർത്ത്, 28 റൺസെടുത്ത എല്ല ഹയ്വാർഡ് തുടങ്ങിയവരും പിന്തുണ നൽകിയതോടെ ഓസ്ട്രേലിയ എ ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. പത്ത് ഓവറിൽ 46 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മിന്നു മണിയാണ് ഓസ്ട്രേലിയൻ കുതിപ്പിനെ പിടിച്ചുകെട്ടിയത്. സൈമ താക്കോർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ യസ്തിക ഭാട്ടിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർ 66 റൺസ് നേടി. മധ്യനിരയിൽ നായിക രാധ യാദവും വാലറ്റത്ത് തനൂജ കൻവാറും തകർത്തടിച്ചതോടെ ഇന്ത്യൻ വനിതകൾ വിജയതീരം തൊടുകയായിരുന്നു. 78 പന്തിൽ 60 റൺസാണ് രാധയുടെ സംഭാവനയെങ്കിൽ നിർണായക ഘട്ടത്തിൽ 50 റൺസ് നേടിയ തനുജയുടെ പ്രകടനം നിർണായകമായി. പ്രേമ റാവത്തിന്റെ 32 റൺസും അടിച്ചെടുത്തതോടെ രണ്ട് വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കെ ഇന്ത്യ വിജയം ആഘോഷിച്ചു.
ആദ്യ മത്സരം ഇന്ത്യ എ 3 വിക്കറ്റിന് ജയിച്ചിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയുടെ നീലകുപ്പായത്തിലെ സ്ഥിര സാനിധ്യമാണ് മിന്നു മണി. ലോകകപ്പിലടക്കം ഇന്ത്യൻ ടീമിൽ മിന്നുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.