കോട്ടയം: ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നും സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മുഖ്യമന്ത്രി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഉചിതമായ തീരുമാനം ഉണ്ടാകും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലേയ്ക്ക് ഇന്ന് രാവിലെ 7.10 ഓടെയാണ് മന്ത്രി എത്തിയത്.
മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി. ബിന്ദുവിന്റെ മാതാവിനോട് മന്ത്രി കാര്യങ്ങള്‍ സംസാരിച്ചു. ബിന്ദുവിന്റെ അസാന്നിധ്യം കുടുംബത്തിനുണ്ടാക്കിയ ആഘാതം സംബന്ധിച്ച് അമ്മ പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടപ്പെട്ടതെന്ന് വിശ്രുതന്‍ പറഞ്ഞു. മകന് അവന്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നല്‍കണമെന്ന് വിശ്രുതന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. മുഖ്യമന്ത്രി തങ്ങളോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും വിശ്രുതന്‍ പറഞ്ഞു. വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് കെ അനില്‍കുമാര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശുചിമുറി തകർന്നു അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ആരോഗ്യമന്ത്രിയുടെ അനാസ്ഥ ആരോപിച്ചു സംസ്ഥാനത്തുടനീളം പ്രതിഷേധ സമരങ്ങൾ നടന്നു വരുന്നു.സമരം അക്രമാസക്തമായ വിവിധയിടങ്ങളിൽ സമരക്കാർക്കു നേരെ ലാത്തി ചാര്ജും ജലപീരങ്കിയും പ്രയോഗിച്ചു.