ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം; കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി.  തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണം. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ഇനിയെങ്കിലും സൂക്ഷിക്കണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. 

ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.  മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ക്രൂരമായ ആക്രമണം നടത്തിയത് വ്യാഴായ്ച രാത്രിയോടെയാണ്. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേൽ, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി. ജോജോ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ വാഹനം തടയുകയും തല്ലിപ്പൊട്ടിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

 മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന ആരോപണത്തിൽ ജയിലിലടച്ചത് വിവാദമായതിന് പിന്നാലെയാണ് അടുത്ത ദാരുണ സംഭവവവും അരങ്ങേറിയത്.  ഒരു മതവിശ്വാസിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ മടങ്ങാനിരുന്ന സംഘത്തെ, ആളൊഴിഞ്ഞ പ്രദേശത്ത് 70-ലധികം ബജ്‌റംഗ് ദൾ സംഘം തടഞ്ഞ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. 

സംഭവത്തിൽ ബജറം​ഗ് ദൾ പ്രവർത്തകർക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. കേരളത്തിൽ ക്രിസ്തീയ സംഘടനകൾ ബി.ജെ.പിക്കെതിരെ കടുത്ത പ്രതിഷേധവുമായി രം​ഗത്തെത്തി. ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കെതിരെ 845 ലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *