രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാതിരുന്നതിനെത്തുടര്ന്ന് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരിപാടി ബഹിഷ്കരിച്ച് മടങ്ങി. മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചതായി രാജ്ഭവനും ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചതായി മന്ത്രിയും ആരോപിച്ചു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു.

ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് അസോസിയേഷന്റെ രാജ്യപുരസ്കാര ചടങ്ങില്‍ ആശംസാ പ്രാസംഗികനായാണ് മന്ത്രി എത്തിയത്. മന്ത്രി എത്തിയപ്പോഴേക്കും നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനം കഴിഞ്ഞിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആശംസ അര്‍പ്പിച്ച ശേഷം രാഷ്ട്രീയം കലര്‍ത്തുന്നതിനാല്‍ ബഹിഷ്കരിക്കുകയാണെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ട് വിദ്യാഭ്യാസ മന്ത്രിയാണ്.

രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വിവാദത്തിന് കാരണം. കൃഷിമന്ത്രി പി. പ്രസാദും നേരത്തെ ഔദ്യോഗിക പരിപാടി ബഹിഷ്കരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ ചിത്രം ഉണ്ടാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ വിഷയം രാജ്ഭവനും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.