സർക്കാർ ചികിത്സ : വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ;പറഞ്ഞത് വളച്ചൊടിച്ചുവെന്നു മന്ത്രിയുടെ തിരുത്തൽ

പത്തനംതിട്ട :സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്. കോൺഗ്രസും ബിജെപിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിലാണെന്നും വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു.

വീണ ജോർജ് എന്ത് തെറ്റാണ് ചെയ്തത്? വീണ ജോർജിൻ്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്‌തത്. വിമാന അപകടത്തെ തുടർന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോർജിനെതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വീണ ജോർജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണിത്. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

എന്നാൽ താൻ പറഞ്ഞത് ശരിയായ രീതിയിൽ അല്ല എടുത്തതെന്നും സർക്കാർ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചതെന്നും മന്ത്രി പിന്നീട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *