ഇറ്റലി :വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തിയഞ്ച് വയസ്സു തോന്നിപ്പിക്കുന്ന ആളാണ് മരിച്ചത്. ഇയാൾ ഏതെങ്കിലും വിമാനക്കമ്പനിയുടെ ജീവനക്കാരനോ വിമാനത്താവള ഉദ്യോഗസ്ഥനോ അല്ലെന്ന് സ്ഥിരീകരിച്ചു. വൊളോത്തിയ കമ്പനിയുടെ എ 319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്. ടേക്ക് ഓഫിന് ഏതാനും നിമിഷം മുൻപാണ് ഇയാൾ റൺവേയിൽ എത്തിയത്. അപകടം നടന്ന ഉടനെ തന്നെ മരണം സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടു. ബെര്‍ഗാമോ വിമാനത്താവളത്തിൽ നിന്നുള്ള പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തു.
വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിച്ച് എങ്ങനെയാണ് യുവാവ് എയർപോർട്ടിൽ പ്രവേശിച്ചത് എന്നതിലും അന്വേഷണം തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ പെടാതെയാണ് ഇയാൾ റൺവേയിൽ പ്രവേശിച്ചത്. പൊലീസ് പിന്തുടർന്നതിനെ തുടർന്ന് ജീവനക്കാർ പ്രവേശിക്കുന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.