മെസിയും സംഘവും കേരളത്തിലെത്തും; സാധ്യതകൾ തള്ളാതെ അർജന്റീന ടീം; ലുലു ഫോറെക്സ് പുതിയ സ്പോൺസർമാർ

കൊച്ചി: മലയാളി ഫുട്ബോൾ ആരാധകർ കഴിഞ്ഞ കുറച്ചധികം കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം. അനിശ്ചിതത്വങ്ങൾക്കിടയിലും കാൽപന്ത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ പ്രതികരണങ്ങളും റിപ്പോർട്ടുകളും. അർജന്റീന കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുന്നത് അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ തന്നെയാണ്.

കേരളത്തിൽ കളിക്കാൻ സാധിക്കുമെന്നും ഇക്കാര്യത്തിൽ മന്ത്രിമാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ലിയാൺഡ്രോ വ്യക്തമാക്കി. “ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനകരമായ കാര്യമാണ്. അവർക്ക് മുന്നിൽ കളിക്കാൻ ടീമിന് ആഗ്രഹമുണ്ട്. സർക്കാരുമായുള്ള ചർച്ചകൾ നടക്കുകയാണ്. ലോകകപ്പിന് മുൻപ് തന്നെ കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീന ഫുട്ബോൾ അസോസിയേഷനും ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെടുന്നത്. വിദേശനാണ്യ വിനിമയത്തിലെ മുൻനിര ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി ഫിനാൻഷ്യൽ രം​ഗത്ത് സജീവമായ ലുലു ഫിൻസെർവ്വുമാണ് ഇന്ത്യയിലെ അർജന്റീന ടീമിന്റെ സ്പോൺസർമാർ.

നേരത്തെ ഈ വർഷം ഒക്ടോബർ 25ന് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്നും നവംബർ രണ്ട് വരെ അർജന്റീന ടീം കേരളത്തിൽ തുടരുമെന്നും കായിക മന്ത്രി വി അബ്ദു റഹിമാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സമയം അർജന്റീന കളിക്കാൻ പോകുന്നത് ചൈനയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. അര്‍ജന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും അതോടൊപ്പം ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കുമെന്നുമായിരുന്നു കായിക മന്ത്രിയുടെ പ്രഖ്യാപനം. 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായും അന് മന്ത്രി വ്യക്തമാക്കി.

അതേസമയം, സ്പോൺസർമാർ കരാർ തുക അടയ്ക്കാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ഇതോടെ ടീം കേരളത്തിലേക്ക് വരുന്നതിൽ നിന്ന് പിന്മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ ധാരണയിലെത്തിയ സമയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ പണം അടച്ചിരുന്നില്ല. ഇതോടെയാണ് വരവ് പ്രതിസന്ധിയിലായത്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി ചെലവ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ അർജന്റീന ടീം അധികൃതരുടെ തന്നെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന പ്രതികരണത്തെ പ്രതീക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാത്ത് നില്‍ക്കില്ലായിരുന്നുവെന്നും അതുപയോഗിച്ച് കൊണ്ടുവരുമായിരുന്നുവെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. എങ്ങനെയും മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *