മെസിയും സംഘവും കേരളത്തിലേക്ക് വരില്ല; സ്ഥിരീകരിച്ച് കായികമന്ത്രി

തിരുവനന്തപുരം: ഫുട്ബോൾ ആരാധകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെസ്സിയുടെ കേരള സന്ദർശനം ഉണ്ടാകില്ല. കായികമന്ത്രി വി അബ്ദുറഹിമാന്‍ തന്നെയാണ് ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. 

നേരത്തെ ഈ വർഷം ഒക്ടോബർ 25ന് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്നും നവംബർ രണ്ട് വരെ അർജന്റീന ടീം കേരളത്തിൽ തുടരുമെന്നും കായിക മന്ത്രി വി അബ്ദു റഹിമാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സമയം അർജന്റീന കളിക്കാൻ പോകുന്നത് ചൈനയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. അര്‍ജന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും അതോടൊപ്പം ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കുമെന്നുമായിരുന്നു കായിക മന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശന നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *