മേഘാലയിലെ ഹണിമൂൺ കൊല:കൊലപാതകത്തിന് പദ്ധതിയിട്ടത് വിവാഹത്തിന് മുൻപേ

മേഘാലയ : മേഘാലയയിൽ നടന്ന ഹണിമൂൺ കൊലയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണ സംഘം.വിവാഹത്തിന് മുൻപേ തന്നെ സോനം കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്.സോനത്തിന്റെ സുഹൃത്തായ രാജ് കുഷ്വാഹയ്ക്കൊപ്പം ഇക്കാര്യങ്ങൾ ഗൂഡാലോചന നടത്തുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് രാജ് കുഷ്വാഹയ്ക്ക് ഒത്താശ ചെയ്തു നൽകിയ സുഹൃത്തുക്കൾക്കും കേസിൽ കൃത്യമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെയും പ്രതിചേർത്തു.

സോനം ക്വട്ടേഷൻ നൽകിയാണ് കൊല നടപ്പിലാക്കിയത്എന്ന വാദം അന്വേഷണ ഉദ്യോഗസ്ഥർ തള്ളി. സുഹൃത്തുക്കളുമയി ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇത്.
പ്രതികൾ പ്രതിഫലം വാങ്ങാതെ സഹായമായി ചെയ്ത കൊലപാതകമാണ് ഇതെന്നും ഷില്ലോങ് എസ്.പി വിവേക് സീയം പറയുന്നു

രാജയും സോനവും മധുവിധുവിനായി മേഘാലയയിലെത്തുന്നതിന് തലേദിവസം തന്നെ രാജ് കുഷ്വാഹയും കൂട്ടരും അവിടെ എത്തിയിരുന്നു.
ഗുവാഹാത്തിയിൽ വച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതിയിട്ടിരുന്നത്. സോനം പറഞ്ഞത് അനുസരിച്ചാണ് അത് ഷില്ലോങിലോക്ക് മാറ്റിയത് എന്നും എസ്പി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതലാണ് സോനത്തിന് വിവാഹലോചനകൾ തുടങ്ങിയത്. താൻ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടുവെന്ന് വരുത്തി തീർത്ത് ആരും അറിയാതെ രാജ് കുഷ്വാഹയ്‌ക്കൊപ്പം എവിടെയെങ്കിലും പോയി ജീവിക്കാമെന്നതായിരുന്നു ആദ്യ പദ്ധതി. സോനത്തിന്റെ രൂപത്തിന് സമാനമായ ഒരു യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് തെറ്റദ്ധരിപ്പിക്കാനും ഇരുവരും പദ്ധതിയിട്ടു. എന്നാൽ പ്രയോഗികമായി ഇതൊന്നും സാധ്യമല്ലെന്ന് മനസ്സിലായതോടെ സോനം രാജയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

മേയ് 11-നായിരുന്നു സോനത്തിന്റെയും രാജയുടെയും വിവാഹം. ഇൻഡോറിൽവെച്ച് ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം മധുവിധു യാത്രയ്ക്ക് പദ്ധതിയിട്ടു. കശ്മീരിൽ പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് യാത്രാപദ്ധതി മേഘാലയയിലേക്ക് മാറ്റി. അങ്ങനെ മേയ് 20-ന് ഇരുവരും ഇന്ദോറിൽനിന്ന് ബെംഗളൂരു വഴി ഗുവാഹാത്തിയിലെത്തി കാമാഖ്യ ക്ഷേത്രമുൾപ്പെടെ സന്ദർശിച്ചു. തുടർന്ന് 21-ന് വൈകീട്ട് ആറോടെ ഷില്ലോങ്ങിലെത്തി. അവിടെ ബാലാജി ഗസ്റ്റ് ഹൗസിൽ അന്നുരാത്രി കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഇരുവരും കീറ്റ് റോഡിലൂടെ ഒരു സ്‌കൂട്ടർ വാടകയ്‌ക്കെടുത്ത് കറങ്ങാൻ തീരുമാനിച്ചു.

മൂന്നുദിവസത്തിനകം തിരിച്ചെത്തുമെന്നും ആവശ്യമെങ്കിൽ വിളിക്കാമെന്നും ഗസ്റ്റ് ഹൗസ് മാനേജരെ അറിയിച്ച് ഇരുവരും നേരെ ചിറാപുഞ്ചിയിലേക്ക് തിരിച്ചു. പാർക്കിങ് സ്ഥലത്ത് സ്‌കൂട്ടി വെച്ച് ട്രക്കിങ്ങിന് പോയി ഒരു ഹോം സ്റ്റേയിൽ താമസിച്ചു. പ്രാദേശിക ടൂറിസ്റ്റ് ഗൈഡും കൂടെയുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഹോം സ്റ്റേയിൽനിന്ന് മടങ്ങിയ ദമ്പതിമാർ മൗലഖിയാത്തിൽത്തന്നെ തിരിച്ചെത്തി. അപ്പോൾ ഗൈഡ് കൂടെയുണ്ടായിരുന്നില്ല. പിന്നാലെ ഇരുവരെയും കാണാതായതായി വാർത്തവന്നു. കാണാതാവുന്നതിന് മുൻപ് സോനം രാജയുടെ അമ്മയെ വിളിച്ച് യാത്രാ വിവരങ്ങളൊക്കെ അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും ഫോണുകൾ ലഭ്യമല്ലാതായി. ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 24 മണിക്കൂർ കഴിഞ്ഞ് ഈസ്റ്റ് ഖാസി ഗ്രാമത്തിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. എന്നാൽ താക്കോൽ വാഹനത്തിൽത്തന്നെ ഘടിപ്പിച്ച നിലയിലായിരുന്നു എന്നത് സംശയത്തിനിടയാക്കി.

രാജയുടെ കുടുബത്തിന്റെ പരാതിയിൽ പോലീസ് സോനത്തിനും രാജയ്ക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ രാജയുടെ മൃതദേഹം ഒരു വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കിൽ കണ്ടെത്തിയത്. തുടർന്ന് ഭാര്യയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. സോനവും കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം നീണ്ടത്. എന്നാൽ അതിനിടെ സോനത്തിനൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടെന്ന ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി പോലീസിൽ സംശയമുണ്ടാക്കി. സോനത്തിനായുള്ള അന്വേഷണം മുന്നോട്ട് പോകവെ ഉത്തർപ്രദേശിലെ ഗാസിപുരിൽ വെച്ച് ഇവർ പോലീസിൽ കീഴടങ്ങി.

പ്രാഥമിക ചോദ്യംചെയ്യലിൽ സോനം കുറ്റംസമ്മതിച്ചിരുന്നില്ല. കവർച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. തുടർന്ന് യുവതിയെ ഷില്ലോങ്ങിൽ എത്തിച്ചെങ്കിലും ഉത്തർപ്രദേശിലെ ഗാസിപൂരിൽനിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവർച്ചാശ്രമത്തിനിടെ സംഭവിച്ച കൊലപാതകമെന്നാണ് പ്രതി ആവർത്തിച്ച് പറഞ്ഞത്. പക്ഷേ, പോലീസ് സംഘം തെളിവുകൾ നിരത്തി ചോദ്യംചെയ്യൽ തുടർന്നതോടെ സോനത്തിന് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് കുറ്റങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. വർഷങ്ങളായി രാജ് കുഷ്വാഹയുമായ അടുപ്പത്തിലായിരുന്നുവെന്നും വീട്ടുകർ ബന്ധത്തിന് സമ്മതിക്കാത്തതിനാലാണഅ വേറൊരു വിവാഹം കവിക്കാൻ തീരുമാനിച്ചതെന്നും ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *