കോട്ടയം: മെഡിക്കൽ കോളേജിൽ വാർഡ് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരു യുവതിയെ കാണാനില്ല എന്ന് പരാതി .തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (50) വിനെയാണ് കാണാതായത് . ഭർത്താവ് വിശ്രുതൻ ആണ് വിവരം പറയുന്നത്.പതിനാലാം വാർഡിലെ ശുചുമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്.മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു.
മെഡിക്കൽ കോളേജിൽ പതിനാലാം വാർഡിന്റെ ഭാഗമായ ശോച്യാലയം ഇന്ന് രാവിലെ 10.45 ഓടെയാണ് ഇടിഞ്ഞു വീണതു . സംഭവത്തിൽ കെട്ടിടം പഴയതായിരുന്നെന്നും ഉപയോഗത്തിൽ ഉള്ളതല്ല എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കെട്ടിടത്തിന്റെ ആ ഭാഗത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പുതിയ ടോയ്ലറ്റ് കോമ്പ്ലെസ് പണിതിരുന്നെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ വാസവനും, ആരോഗ്യ മന്ത്രി വീണ ജോർജും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്.പത്താം വാർഡിൻ്റെ ശുചിമുറിയോട് ചേർന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും , ഈ ഭാഗത്ത് നിന്നുള്ളവരാകണം അപകടത്തിൽപ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാർ.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട്. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

