ഡോ. ഹാരിസിനെ സംശയത്തിന്റെ നിഴലിലാക്കി പ്രിൻസിപ്പൽ; കുടുക്കാനുള്ള ശ്രമമെന്ന് ഡോ. ഹാരിസ്

തിരുവനന്തപുരം: ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾക്കു മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി കെ ജബ്ബാർ. ഡോ. ഹാരിസിനെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രസ്താവനകളാണ് പ്രിൻസിപ്പൽ വാർത്താസമ്മേളനത്തിൽ നടത്തിയത്. ഇന്നലെ ഹാരിസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം.

മുറിയിൽ കണ്ടെത്തിയ ബോക്സിൽ ചില ബില്ലുകളുണ്ടായിരുന്നു. അതിൽ ഓഗസ്റ് രണ്ടിന് മോസിലോസ്കോപ് ഉപകരണം വാങ്ങിയ ബില്ല് കണ്ടെത്തിയതിൽ അസ്വഭാവികത ഉണ്ടെന്നു പ്രിൻസിപ്പൽ ആരോപിച്ചു. ആദ്യത്തെ പരിശോധനയിൽ മുറിയിൽ ബോക്സ് ഉണ്ടായിരുന്നില്ല. ഒരാൾ മുറിയിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. അതാരാണെന്ന് കണ്ടെത്തണം. സർക്കാരിന് റിപ്പോർട്ട് നൽകും. അവ്യക്തത നീക്കാൻ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കണ്ടെത്തിയ പെട്ടി കൊറിയർ ബോക്സ് പോലെ ആയിരുന്നു. എല്ലാവരുടേയും സാന്നിധ്യത്തിൽ കവർ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം തന്നെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്നും ഹാരിസ് പറഞ്ഞു. കെജിഎംസിടിഎ ഭാരവാഹികള്‍ക്ക് നല്‍കിയ കുറിപ്പിലായിരുന്നു ഹാരിസിന്റെ ആരോപണം.

അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്- ഹാരിസ് പറഞ്ഞു.

അതേസമയം വാർത്താ സമ്മേളനത്തിനിടെ പ്രിൻസിപ്പലിന്റെ ഒപ്പം എത്തിയ സൂപ്രണ്ടിന് ഒരു ഫോൺ കോൾ വരികയും പിന്നാലെ അദ്ദേഹം പരസ്യമായി പ്രിൻസിപ്പലിനോട് സാറേ മുഴുവൻ റിപ്പോർട്ടും വായിക്കണം എന്ന് പറയുന്നുമുണ്ട്. ആരാണ് മറുതലക്കൽ എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വാർത്താസമ്മേളനം കരുതിക്കൂട്ടിയുള്ളതാകാമെന്നും ആരോപണം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *