പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും ഓഹരി വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന് ദിവസവും ഉണ്ടായത്.
വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ നിഫ്റ്റി 304 പോയന്റ് നേട്ടത്തില്‍ ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരമായ 25,549ലെത്തി. സെന്‍സെക്സ് 1000.36 പോയന്റ് ഉയര്‍ന്ന് 83,755ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീറാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് പത്ത് ശതമാനത്തിലേറെ തകര്‍ച്ച നേരിട്ട സൂചികകള്‍ പതുക്കെ പതുക്കെ നേട്ടം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. റെക്കോഡ് ഉയരത്തിന് 2.5 ശതമാനം താഴെവരെയെത്തി.
വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ഏഷ്യന്‍ സൂചികകളിലും കുതിപ്പ് പ്രകടമായിരുന്നു. ജപ്പാന്റെ നിക്കി 225 പോയന്റ് നേട്ടമുണ്ടാക്കി. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റും നേട്ടമുണ്ടാക്കി. യുഎസ് ഡോളര്‍ ദുര്‍ബലമായത് നേട്ടമാക്കി രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ വര്‍ധനവുണ്ടായി. മൂല്യം 85.87 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.