‘അമ്മ’യെ നയിക്കാന്‍ മോഹന്‍ലാലില്ല, തിരഞ്ഞെടുപ്പു നടത്താന്‍ ധാരണ

ലയാളത്തി ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
മോഹന്‍ലാല്‍ താരസംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനിച്ചിരുന്നു.
എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.
ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതല്‍ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്. പ്രസിഡന്റ്പദവിയില്‍ അല്ലെങ്കിലും മോഹന്‍ലാല്‍ കമ്മിറ്റി അംഗമായി തുടര്‍ന്നിരുന്നു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ സാഹചര്യത്തില്‍ താരസംഘടയ്ക്ക് ഉടന്‍ തന്നെ ഭരണസമിതി വരേണ്ടതുണ്ട്. അതുകൊണ്ട് മൂന്ന്മാസത്തിനകം തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണം എന്ന് അംഗങ്ങളില്‍ നിന്ന് പൊതു അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *