ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് മനോള മാര്‍ക്വേസ് പടിയിറങ്ങി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയുമെന്ന് മനോള വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മനോളയുടെ രാജിക്കാര്യം അം?ഗീകരിച്ചു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും മനോള മാര്‍ക്വേസും രാജിക്കാര്യത്തില്‍ പരസ്പരധാരണയിലെത്തിയെന്ന് എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കെ. സത്യനാരായണവാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. 2024 ജൂലായിലാണ് ഇഗോര്‍ സ്റ്റിമാച്ചിന് പകരം മനോള ടീമിന്റെ പരിശീലകനായി ചുമതലേല്‍ക്കുന്നത്.
മനോള മാര്‍ക്വേസിന്റെ കീഴില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. അവസാന മൂന്നുമത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ടീമിന് ഒരു ഗോള്‍പോലും നേടാനുമായില്ല. ബംഗ്ലാദേശ്, തായ്ലാന്‍ഡ്, ഹോങ് കോങ് ടീമുകള്‍ക്കെതിരേയാണ് മോശം പ്രകടനം കാഴ്ചവെച്ചത്. അതോടെ പരിശീലകനുനേരെ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മനോളയുടെ രാജിയെന്നാണ് വ്യക്തമാകുന്നത്.
ഹോങ്കോങ്ങിനെതിരായ തോല്‍വി മനോളയ്ക്കും സംഘത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്. മത്സരത്തില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് മനോള ടീമിനെ ഇറക്കിയത്. 58-ാം മിനിറ്റില്‍ ഛേത്രിയെ കളത്തിലിറക്കിയെങ്കിലും ടീമിന് നേട്ടമുണ്ടാക്കാനായില്ല. പരാജയം നേരിട്ടതോടെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതയും പ്രതിസന്ധിയിലായി. ഈ തോല്‍വിയോടെയാണ് പരിശീലകസ്ഥാനം ഒഴിയാന്‍ സ്പാനിഷ് പരിശീലകന്‍ തയ്യാറായത്.
2020-ലാണ് മനോള ഇന്ത്യയില്‍ പരിശീലകസ്ഥാനത്ത് എത്തുന്നത്. 2020 മുതല്‍ 2023 വരെ ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി. ഈ സമയത്ത് ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായി. പിന്നീട് ഗോവ എഫ്.സി.യുടെ പരിശീലക ചുമതല നിര്‍വഹിച്ചു. ഇന്ത്യയിലെത്തുന്നതിന് മുന്‍പ് സ്പെയിനില്‍ തന്നെ മനോള പരിശീലകനായി തുടങ്ങിയിരുന്നു. ഇഗോര്‍ സ്റ്റിമാച്ചിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയത്.