കൊച്ചി :മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൌബിൻ ഷാഹിറും കൂട്ടാളികളും അറസ്റ്റിൽ. സൌബിനെ കൂടാതെ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. എറണാകുളം മരട് പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരുടെയും അറസ്റ്റ് നടപടികൾ. ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും…
പരാതിക്കാരന് ലാഭവിഹിതം നല്കാന് തയ്യാറായിരുന്നുവെന്ന് നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍ പൊലീസിനോട് പറഞ്ഞു. കണക്കുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിന് വ്യക്തമാക്കി. കണക്കുകൾ പെരുപ്പിച്ച് തെറ്റായ വിവരമാണ് പരാതിക്കാരൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അയാൾ പറയുന്നത്രയും തുക നൽകാൻ കഴിയില്ലെന്നുമാണ് വിശദീകരണം.
ചെലവാക്കിയ മുഴുവൻ തുകയും പരാതിക്കാരന് കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണ് നോക്കുന്നത്. അവര്‍ പറയുന്ന തുക കൃത്യമാണെങ്കിൽ അത് കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ, അവര്‍ പറയുന്ന കണക്കുകള്‍ ശരിയല്ലെന്നാണ് സൌബിൻ ഇന്നും പറയുന്നത്.. കേസുമായി മുന്നോട്ടുപോയത് അവരാണ് ഇനി നിയമത്തിന്റെ വഴിക്ക് തന്നെ കാര്യങ്ങൾ പോവട്ടെയെന്നുമായിരുന്നു സൌബിന്റെ പ്രതികരണം.
സിനിമയ്ക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് ആരോപിച്ചാണ് അരൂര്‍ സ്വദേശി സിറാജ് വലിയതുറ ഹമീദ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ മരട് പോലീസ് കേസെടുത്തു. സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ പ്രതികള്‍. നിര്‍മാതാക്കള്‍ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പാണെന്ന് സ്ഥിരീകരിച്ച് മരട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിര്‍മാണത്തിനായി സിറാജ് ഏഴുകോടി നല്കി. 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. തീയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40% നല്‍കാമെന്നായിരുന്നു കരാര്‍. ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിതരണക്കാര്‍ സമര്‍പ്പിച്ച കണക്കുപ്രകാരം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഇന്ത്യയിലെ തിയേറ്ററുകളില്‍നിന്ന് നേടിയത് 140,89,28,690 രൂപയും ലാഭം 45,30,25,193 രൂപയുമാണ്. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് അവകാശം, മ്യൂസിക്കല്‍ റൈറ്റ്സ്, ഡബ്ബിങ് എന്നിവയിലൂടെ 96 കോടിയും കിട്ടി. ചിത്രത്തിന്റെ ആകെ നിര്‍മാണച്ചെലവ് 17.95 കോടിയാണ്. 22 കോടിയായിയെന്ന് നിര്‍മാതാക്കള്‍ പറയുന്നത് ശരിയല്ല. ചിത്രത്തിനുവേണ്ടി മുടക്കിയ പണവും ലാഭവിഹിതവും കിട്ടാത്തതിനാല്‍ സിറാജിന്റെ സമുദ്രോത്പന്നവ്യാപാരം തകര്‍ന്നെന്നും കാൻസർ ചികിത്സയെയും അത് പ്രതികൂലമായി ബാധിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു..