ബംഗളൂരു: വിവാഹപ്പാർട്ടിയുമായി ബന്ധപ്പെട്ടുള്ള കലഹങ്ങൾ പതിവാണ്. വിഭവങ്ങൾ കുറഞ്ഞുപോയതിനും കിട്ടാതെപോയതിനും കേരളത്തിലും നിരവധി അടിപിടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ബംഗളൂരുവിൽ വിവാഹപ്പാർട്ടിക്കിടെ ദാരുണസംഭവമാണുണ്ടായത്. ഭക്ഷണത്തിനിടെ, ചിക്കന് ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ ബെലഗാവിയിൽ ഇന്നലെയായിരുന്നു സംഭവം. സംഭവത്തിൽ വിനോദിന്റെ സുഹൃത്ത് വിറ്റൽ ഹരുഗോപ്പിയെ പോലീസ് അറസ്റ്റ് ചെയ്തു.
അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട്, വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി വിളന്പാൻ ആവശ്യപ്പെടുകയായും ഗ്രേവി കുറച്ചാണു തനിക്കു വിളമ്പിയതെന്നു പരാതിപ്പെടുകയും ചെയ്തിരുന്നു.
ഇത് വിറ്റൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചു. വിനോദും വിറ്റലും തമ്മിൽ തർക്കമുണ്ടാവുകയും കോപാകുലനായ വിറ്റൽ അടുക്കളയിൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.