മമ്മൂട്ടി വീണ്ടും വില്ലനായി എത്തുമ്പോള്‍; ‘കളങ്കാവല്‍’ നിഗൂഢതകള്‍ എന്തൊക്കെ?

രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് ‘കളങ്കാവല്‍’. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഇത് പ്രധാനമായും ആചരിക്കപ്പെടുന്നത്. ആറ്റുകാല്‍, വെള്ളായണി, പാച്ചല്ലൂര്‍ എന്നിവയാണ് ഈ ചടങ്ങ് ആചരിക്കുന്ന ക്ഷേത്രങ്ങളില്‍ ചിലത്. ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്.

ദേവി ദാരികനെ (അസുരന്‍) തേടി നടക്കുന്നതാണ് ഈ ചടങ്ങിന്റെ അര്‍ത്ഥം. ഒടുവില്‍ ദാരികന്‍ ഭദ്രകാളിയാല്‍ നിഗ്രഹിക്കപ്പെടും. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന സിനിമ റിലീസിനോടടുക്കുകയാണ്. കളങ്കാവല്‍ എന്ന പേര് സിനിമയ്ക്കു നല്‍കിയത് മേല്‍പ്പറഞ്ഞ ഐതിഹ്യങ്ങളുമായി സിനിമയ്ക്കു ബന്ധമുള്ളതിനാലാണെന്ന് സംവിധായകനും വെളിപ്പെടുത്തുന്നു.

ദാരികന്‍ അഥവാ അസുരനായാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഈ സിനിമയിലെത്തുന്നത്. അതായത് തിന്മകളുടെ, മോശം പ്രവര്‍ത്തികളുടെ പ്രതിരൂപം. മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന എല്ലാ അപ്‌ഡേറ്റുകളിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനു നെഗറ്റീവ് ഷെയ്ഡാണ്.

മറുവശത്ത് വിനായകന്‍ അവതരിപ്പിക്കുന്നത് നായകവേഷമാണ്. അസുരനെ നിഗ്രഹിക്കാന്‍ വരുന്ന ഭദ്രകാളിക്കു സമം ! സിനിമയില്‍ പൊലീസ് വേഷമാണ് വിനായകന്റേത്. സിനിമയുടെ അവസാനം മമ്മൂട്ടിയുടെ കഥാപാത്രത്തിനു മേല്‍ വിനായകന്റെ കഥാപാത്രം വിജയം നേടുന്നതായിരിക്കും കഥയെന്ന് പ്രേക്ഷകര്‍ ഊഹിക്കുന്നു.

അതോടൊപ്പം ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സയനൈഡ് മോഹന്റെ ക്രൂരതകളുടെ കഥ കളങ്കാവല്‍ എന്ന ചടങ്ങുമായി ബ്ലെന്‍ഡ് ചെയ്തായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് വിവരം. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍.

സെപ്റ്റംബറിലാണ് കളങ്കാവല്‍ തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് ഇത്. ആറിലേറെ നായികമാര്‍ ഈ ചിത്രത്തിലുണ്ടെന്നാണ് വിവരം. എന്നാല്‍ മമ്മൂട്ടി, വിനായകന്‍ എന്നിവരെ കുറിച്ചല്ലാതെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ ചിത്രത്തിന്റെ കഥ ആദ്യം കേട്ടത് പൃഥ്വിരാജ് ആണ്. പിന്നീടാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ച് ചെയ്യേണ്ടിയിരുന്ന പ്രൊജക്ട് കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടുപോയി. ഒടുവില്‍ പൃഥ്വിരാജ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന കഥാപാത്രം വിനായകനിലേക്ക് എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *