പേട്രിയറ്റ് എന്നാല്‍ രാജ്യസ്നേഹി. അമേരിക്കയുടെയും സഖ്യശക്തികളുടെയും പക്കലുള്ള ഏറ്റവും ആധുനിക മിസൈലിന്റെ പേരും പേട്രിയറ്റ് എന്നാണ്. ശ്രീലങ്കയില്‍ ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ചിലവേറിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനും പേട്രിയറ്റ് എന്നാണ് പേര്. ശ്രീലങ്കന്‍ വെബ്സൈറ്റിലൂടെ പുറത്തുവന്ന പേര് ചിത്രത്തിലെ നായകന്മാരിലൊരാളായ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചു. ഒരു ശ്രീലങ്കന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സിനിമയുടെ പേര് പേട്രിയറ്റ് ആണെന്ന് പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന നാളു മുതല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ കഴിഞ്ഞ വാരമാണ് ശ്രീലങ്കയില്‍ ആരംഭിച്ചത്, നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ദര്‍ശന രാജേന്ദ്രന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന പോസ്റ്റ് വന്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റില്‍ സിനിമയുടെ പേര് പേട്രിയറ്റ് എന്നാണ് പറഞ്ഞിരുന്നത്. പേര് വെളിപ്പെടുത്തിയതില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമയുടെ പേര് അതല്ലെന്ന ചര്‍ച്ചകളും വന്നിരുന്നു.
ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.









