ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ മരണ സംഖ്യ അഞ്ചായി; മലയാളികൾ സുരക്ഷിതർ

ധരാളി: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ മരണ സംഖ്യ അഞ്ചായി. ദുരന്തസ്ഥലത്ത് 29 മലയാളികൾ കുടുങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്ന് ജില്ലാഭരണകൂടം അറിയിച്ചതായി വിവരം. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായിട്ടാണ് സംസ്ഥാന സർക്കാരും ഉത്തരകാശി ഭരണകൂടവും വ്യക്തമാക്കുന്നത്. തിരച്ചിലിനെത്തിയ സൈനികരിൽ ഒൻപത് പേരെ കാണാതായതായി.

മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് ദുർഘടം. ഇതിനായി കഡാവർ നയ്ക്കളെ എത്തിച്ചുള്ള തിരച്ചിലിന് ഒരുങ്ങുകയാണ് ദ്രുതകർമ്മ സേന. മണ്ണും കല്ലും ചെളിയും കെട്ടിടാവശ്ഷ്ടങ്ങളുമാണ് ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. ദുരന്തത്തിന്റെ ആവർത്തനം ഉണ്ടാകാതിരിക്കാൻ റെഡ് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിദീതിരത്തുള്ളവർ മാറണമെന്ന് ഭരണകൂടം മുന്നറിയിപ്പും നൽകി.

വെള്ളപ്പൊക്കത്തിൽ വീടുകളും ഹോട്ടലുകളും ഒരു സൈനിക ക്യാമ്പിന്റെ ഭാഗങ്ങളും ഒലിച്ചു പോയതായിട്ടാണ് കണക്കുകൾ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബുധനാഴ്ച സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിൽ (ഇഒസി) ദുരന്ത നിവാരണ യോഗം ചേർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാമിയുമായി സംസാരിക്കുകയും കേന്ദ്രത്തിന്റെ സഹായം ഉറപ്പുനൽകുകയും ചെയ്തു. ധരാലിയിലെയും ഹർസിലിലെയും വെള്ളപ്പൊക്ക പ്രദേശങ്ങൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നിന്ന് പരിശോധിച്ച് നാശനഷ്ടങ്ങളും വിലയിരുത്തി.

ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് – ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.50 നാണ് മേഘവിസ്ഫോടനം സംഭവിച്ചത്. വെള്ളപ്പൊക്കത്തിൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് അതീവ ദുർഘടം. സംഭവസ്ഥലത്തേക്ക് മൂന്ന് യൂണിറ്റ് ദ്രുതകർമ്മ സേനാം​ഗങ്ങളെ അധികമായി വിന്യസിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ബഹുനിലക്കെട്ടിടങ്ങളും ഹോംസ്റ്റേ സംവിധാനങ്ങളുമടക്കം താഴ്വരയിലെ എല്ലാ കെട്ടിടങ്ങളും തരിപ്പണമായി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തനം നടത്തുകയാണ് ഏറെ വെല്ലുവിളിയും.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രം

ഗർവാൾ ഹിമാലയത്തിന്റെ താഴ്വരയിലാണ് ദുരന്തബാധിത പ്രദേശം സ്ഥിതി ചെയ്യുന്നത്, പർവത ചരിവുകൾ, പാറക്കൂട്ടങ്ങളും , ഹിമപർവങ്ങളുമായി നിറഞ്ഞ താഴ്വരയാണിവിടം. ഇതിലെ ഊർന്നിറങ്ങുന്ന ചെറുനദികളും ഈ ഭൂപ്രദേശത്തിന്റെ സവിശേഷതയാണ്. ധാരാളി, ഹർസിൽ, ഗംഗോത്രി തുടങ്ങിയ പ്രദേശങ്ങളാണ് മിന്നൽപ്രളയമുണ്ടായാൽ ആദ്യം ബാധിക്കുന്ന പ്രദേശങ്ങൾ. ഹിമതാഴ്വരായായതിനാൽ തന്നെ പ്രദേശത്തെ രക്ഷാ പ്രവർത്തനവും അതീവ ദുർഘടമായിരിക്കും. ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, യമുന തുടങ്ങിയ നദികൾ ഇടുങ്ങിയ താഴ്‌വരകളിലൂടെ ഉത്തരാഖണ്ഡിലൂടെ ഒഴുകുന്നത്. മഞ്ഞ് മൂടിയ മലഞ്ചരിവുകളും തീവ്രവമായ മഴക്കാലവുമാണ് ഈ പ്രദേശത്ത് വർഷകാലവും ശീതകാലവും നേരിടുന്ന വെല്ലുവിളി. വനനശീകരണം, റോഡ് നിർമ്മാണം, അനിയന്ത്രിതമായ വികസനം എന്നിവയുമായി ചേർന്ന്, ഭൂപ്രകൃതിയുടെ സ്വാഭാവിക ദുർബലത ഇടയ്ക്കിടെയുള്ള ദുരന്തങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.

തീർത്ഥാടകർക്കും വിശ്വാസത്തിനും പേരുകേട്ടിടം

ഉത്തരകാശി ജില്ലയിൽ ഏകദേശം 4,000 മീറ്റർ ഉയരത്തിലാണ് ഭ​ഗീരഥീ നദി സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് ഗംഗോത്രി, ഹർസിൽ, ഉത്തരകാശി, തെഹ്രി എന്നിവിടങ്ങളിലൂടെ ഒഴുകി, ജാദ് ഗംഗ, കേദാർ ഗംഗ, ഭിലംഗ്ന തുടങ്ങിയ പോഷകനദികൾ ശേഖരിച്ച് ദേവപ്രയാഗിൽ വെച്ച് അളകനന്ദ നദിയിൽ ലയിക്കുന്നു. പുണ്യനദിയുടെ പ്രധാന ഉറവിടമായി ഭാഗീരഥിയെ കണക്കാക്കുന്നതാണ് വിശ്വാസം. ഹർസിലിൽ നിന്ന് 6 കിലോമീറ്ററും ഗംഗോത്രിക്ക് ഏകദേശം 14 കിലോമീറ്ററും അകലെ, NH-108 (ഗംഗോത്രി റോഡ്) ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ടൗൺഷിപ്പിനെയാണ് ഇന്നലത്തെ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും തകർത്തെറിഞ്ഞത്. ഡൽഹിയിൽ നിന്ന് 480 കിലോമീറ്റർ സഞ്ചരിച്ചു വേണം ഉത്തരകാശിയിലേക്ക് എത്താൻ.

Leave a Reply

Your email address will not be published. Required fields are marked *