ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതിയും; പുരട്ചി തലൈവിയെ വിടാതെ മക്കൾവാദം

ഡൽഹി :തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മക്കളാണെന്ന അവകാശവാദവുമായി മുൻപ് പലരും രംഗത്തെത്തിയിട്ടുണ്ട്. ആ പട്ടികയിൽ ഇപ്പോഴിത ഒരു മലയാളി യുവതികൂടി. എം ജി ആറാണ് തന്റെ അച്ഛനെന്നും പറയുന്ന തൃശൂർ സ്വദേശി സുനിത ചീഫ് ജസ്റ്റിസിന് പരാതി നൽകിയതോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്. ജയലളിതയുടെ മരണം കൊലപാതകമാണെന്നും മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് സുനിതയുടെ പരാതിയിലെ പ്രധാന ആവശ്യം.
ജയലളിതയുടെ മക്കൾ വാദം നേരത്തേയുള്ളതാണ്. ഇതിന് മുൻപ് പലരും പലതവണ ഇതേ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. അതിനെല്ലാം വലിയ വാർത്താ പ്രാധാന്യവും ലഭിച്ചിരുന്നു.

ഇന്ത്യകണ്ട എക്കാലത്തെയും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവാണ് ജയലളിത. ദേശീയ രാഷ്ട്രീയത്തിൽ പോലും നിർണായകമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ജയലളിതയുടെ ജീവിതം തമിഴ് സനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലായിരുന്നു. എം ജി ആറുമായുള്ള അടുപ്പവും അകൽച്ചയും എല്ലാം തമിഴകത്ത് ഒരു കാലത്ത് ചർച്ചയായിരുന്നു. എം ജി ആറിന്റെ മൃതദേഹത്തിനരികിൽ നിന്ന് താഴേക്ക് വലിച്ചിട്ട ജയലളിതയുടെ മറ്റൊരു മുഖത്തിനാണ് കാലം പിന്നീട് സാക്ഷ്യം വഹിച്ചത്. എല്ലാ ചേരുവകളും ചേർത്ത് നിർമിച്ച ഒരു തമിഴ് ബ്ലോക് ബസ്റ്റർ ചിത്രത്തേക്കാൾ ആവേശം നിറഞ്ഞതായിരുന്നു ആ വളർച്ച. വെള്ളത്തിരയിലും രാഷ്ട്രീയത്തിലും എം ജി ആറിന്റെ പിൻഗാമിയായിരുന്നു ജയലളിത. രാഷ്ട്രീയ എതിരാളികൾ അവരെ തകർക്കാൻ അവസരങ്ങൾ നോക്കിയിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഇന്ത്യകണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിലൊരാളായി അവർ മാറി.

അതുകൊണ്ട് തന്നെ അവരുടെ പിൻതുടർച്ചാവകാശം പറഞ്ഞ് നിരവധി പേർ പിൽക്കാലത്ത് രംഗത്തെത്തി. മകളെന്ന അവകാശവാദത്തിന്റെ അടിസ്ഥാനം ജയലളിയുടെ പ്രൌഡിയും ഗാംഭീര്യവും തന്നെയാണ്. അതിനൊപ്പം രാഷ്ട്രീയ നേതാവാണെങ്കിലും ഒരു സ്ത്രീയെന്ന നിലയിൽ അവരെ അപമാനിക്കാൻ കിട്ടുന്ന ഒരവസരവും വെറുതെ വിടില്ലെന്ന ചിന്തകളും ശക്തമാണ്. അവരുടെ സ്വകാര്യ ജീവിതത്തിന്റെ പേരിൽ ആ വ്യക്തിപ്രഭാവത്തെ മറികടക്കാമെന്ന് കരുതിയവരും ചെറുതല്ല. അതുകൊണ്ടു തന്നെ ജയലളിതയുടെ മക്കൾ വാദത്തിന് പാൻ ഇന്ത്യ ശ്രദ്ധലഭിച്ചു എന്ന് പറയുന്നതാവും ശരി.

ഈ അപവാദപ്രചാരണങ്ങളും അഭ്യൂഹങ്ങളും പരാതിയും കേസുമല്ലാം വരുന്നത് ജയലളിതയുടെ മരണശേഷമാണ്. അതുവരെ മിണ്ടാതിരുന്നുവരെല്ലാം അവരുടെ മരണ ശേഷം പല പല ആരോപണങ്ങളുമായി രംഗത്തെത്തി. ദേശീയ തലത്തിൽ പോലും ശ്രദ്ധനേടിയ ചില മക്കൾ വാദം ഏതൊക്കയാണ് എന്ന് നോക്കാം.. സോഷ്യൽ മീഡിയ വലിയ പ്രചാരം നേടുന്നതിന് മുൻപ് തന്നെ ജയലളിതയുടെ മുഖച്ഛായയുള്ള ഒരു സ്ത്രീയുടെ ഫോട്ടോ പ്രചരിച്ചു. പട്ടപ്പട്ടുസാരിയിലുള്ള ദിവ്യ രാമനാഥൻ എന്ന സ്ത്രീയുടെ ഫോട്ടോയാണ് അന്ന് കാട്ട് തീ പോലെ പടർന്നത്. ഒരുപക്ഷേ രാഷ്ട്രീയ എതിരാളികൾ ഇത് രാഷ്ട്രീയമായി ആഘോഷിച്ചു എന്നും പറയാം. ഇതിൽ ഒരിക്കൽ പോലും ആ സ്ത്രീ തന്റെ അമ്മയാണ് ജയലളിതയെന്ന് പറഞ്ഞിരുന്നില്ല. ജയലളിതയുടെ രഹസ്യമകൾ എന്ന പേരിൽ അന്ന് പല മാധ്യമങ്ങളും ഈ ചിത്രം ഏറ്റെടുത്തു. പക്ഷേ ആ അഭ്യൂഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ദിവ്യ രാമനാഥന്റെ കുടുംബം രംഗത്തെത്തി. അതോടെ ആ അഭ്യൂഹത്തിന് അവസാനമായി.

പിന്നീടാണ് പ്രിയ മഹാലക്ഷ്മിയെത്തുന്നത്. കൃഷ്ണഗിരി സത്യസായി നഗറിൽ വി ഐ പിയായി ജീവിതം നയിക്കുകയായിരുന്നു അവർ. ആദ്യമായി ജയലളിതയുടെ മകളെന്ന അവകാശവാദം സ്വയം ഉന്നയിച്ചെത്തിയ ആള് കൂടിയായിരുന്നു പ്രിയ മഹാലക്ഷ്മി. ഇവരുടെ ജീവിത രീതിയും ജയലളിതയുടേതിന് സമാനമായിരുന്നു. എം ജി ആറിന്റെയും ജയലളിതയുടെയും മകളാണ് എന്ന പേരിൽ വലിയ ആഡംബര ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് മാധ്യമങ്ങളിലൂടെ ഇക്കാര്യം ആവർത്തിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു…

ആദ്യ രണ്ട് കഥകളിലും മകളാണ് താരമെങ്കിൽ മൂന്നാം കഥയിൽ പക്ഷേ മകനാണ് രംഗപ്രവേശം ചെയ്തത്. അവിടെ പക്ഷേ പിതൃസ്ഥാനത്തുണ്ടായിരുന്നത് ശോഭൻ ബാബുവായിരുന്നു. ഇടക്കാലത്ത് ജയലളിതയും ശോഭൻ ബാബുവും തമ്മലുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുണ്ടായിരുന്നു. ഇരുപത്തിയെട്ട് വയസ്സുള്ള കൃഷ്ണമൂർത്തി നേര മദ്രാസ് ഹൈക്കോടതിയെ ആണ് സമീപിച്ചത്. കോടതി വിശദമായ അന്വേഷണം നടത്താൻ പൊലീസിനെ ചുമതലപ്പെടുത്തി. രേഖകൾ പരിശോധിക്കുന്നതിനിടെ തിരുപ്പൂർ സ്വദേശികളായ ദമ്പതികൾ മകനെ തിരിച്ചറിഞ്ഞെത്തി. ശാസ്ത്രീയ പരിശോധനയിൽ കൃഷ്ണമൂർത്തി ഇവരുടെ മകനാണെന്ന് വ്യക്തമായതോടെ കോടതി ഹർജി തള്ളി. കൃഷ്ണൂർത്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമൃത സാരഥി എന്ന മുപ്പത്തിയേഴുകാരി സുപ്രീം കോടതിയിൽ എത്തിയത് വിചിത്രമായ അവകാശവുമായിട്ടായിരുന്നു. മറീന ബീച്ചിൽ സംസ്കരിച്ച ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് ഡി എൻ എ പരിശോധന നടത്തണം എന്നായിരുന്നു ആവശ്യം. പക്ഷേ ഹർജി സ്വീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. പകരം ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആവശ്യം.

അമൃത പറയുന്ന കഥ മറ്റൊരു കഥയുടെ തുടർച്ചയായിരുന്നു. ജയലളിതയുടെ സഹോദരിയാണെന്ന അവകാശവാദവുമായി എത്തിയ ശൈലജയുമായി ചേർന്ന് നിൽക്കുന്നതാണ് ആ കഥ. ഷൈലജയുടേയും പാർഥസാരഥിയുടേയും മകളായി ജീവിക്കുന്ന അമൃതയുടെ യഥാർഥ അമ്മ ജയലളിതയാണെന്നും ഇവരെ വളർത്താൻ ഏൽപ്പിച്ചതാണെന്നുമായിരുന്നു അവകാശവാദം. അച്ഛന്റെ മരണ സമയത്ത് അച്ഛനാണ് തന്റെ യഥാർഥ അമ്മ ജയലളിതയാണെന്ന് പറഞ്ഞതെന്നായിരുന്നു ഇവരുടെ വാദം. ജയലളിതയുടെ ബന്ധുക്കളായ എൽ എസ് ലളിത ഇക്കാര്യ ആവർത്തിക്കുകയും ചെയ്തു.

ഇവർ ജയലളിയെ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്നും ഔദ്യോഗിക വസതിയിലും അല്ലാതെയും വെച്ച് അമ്മയെ കണ്ടിട്ടുണ്ടെന്നും അവർ അടുത്ത് പെരുമാറിയിരുന്നുവെന്നും അമൃത പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയായ ഒ പനീർശെൽവത്തിന് അറിയാമായിരുന്നുവെന്നും അന്ന് അവർ പറഞ്ഞു.. ജയലളിതയ്ക്ക് ഒരു മകളുണ്ടെന്ന് അറിയാമെന്നും അത് അമൃതയാണെന്ന് പറഞ്ഞിട്ടിലലേെന്നും പറഞ്ഞ് ബന്ധു ലളിത നിലപാട മാറ്റിയതോടെ അമൃതയുടെ മാതൃത്വവാദത്തിന് ഏറെക്കുറെ അവസാനമായി.

ഇതാ ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജിയും ചീഫ് ജസ്റ്റിസിന് കത്തുമായി എത്തിയിരിക്കുന്നത് ഒരു മലയാളി യുവതിയാണ്. തൃശൂർ സ്വദേശി സുനിത. ഡി എൻ എ പരിശോധന നടത്തി ജയലളിത തന്റെ അമ്മയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പലതവണ ജയലളിത തന്നെ വന്ന് കണ്ടിട്ടുണ്ടെന്നും പലപ്പോഴായി സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും ഇവർ പറയുന്നു. പക്ഷേ ഇപ്പോൾ സുനിത ഉന്നയിച്ചിരുന്ന അവകാശ വാദം അമ്മയുടെ അഥവാ ജയലളിതയുടെ മരണത്തിലെ ദുരൂഹത മാറ്റണം എന്ന ആവശ്യമാണ്.

ജയലളിതയുടെ മരണം സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിക്കുന്നുണ്ട്. അതിന് ബലം നൽകുന്നതാണ് സുനിതയുടെ ആരോപണം. മരിക്കുന്നതിന് മുന്നിൽ സമൂഹത്തിനോട് തന്റെ മകളെക്കുറിച്ച് ജയലളിത ആഗ്രഹിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്. അതിന് മുന്നോടിയായി ജയലളിതി ഇവരെ മദ്രാസിലേക്ക് വിളിച്ചുവരുത്തിയെന്നും പക്ഷേ ഇക്കാര്യം അറിഞ്ഞ ആരോ ജയലളിതയെ വകവരുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. എന്തായാലും സുനിതയുടെ പരാതിയിൽ കോടതി എന്ത് നടപടി സ്വീകരിക്കും എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *