കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ വർധിക്കുന്നതായി ആരോപണം. ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജ് എന്ന് സൂചന നൽകി നടി മാലാ പാർവതി രംഗത്തെത്തി. മാധ്യമങ്ങളോട് പ്രതികരിക്കവേ ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷം ആണ് ആരോപണങ്ങൾ എല്ലാം ഉയർന്നുവന്നത് എന്ന് മാല പാർവതി ആരോപിച്ചു. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു
താരസംഘടനാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ മനഃപൂർവം സൃഷ്ടിക്കുകയാണെന്ന് മാലാപാർവതി സോഷ്യൽ മീഡിയയിലും കുറിപ്പ് പങ്കുവെച്ചു. മോഹൻലാൽ പിന്മാറിയതോടെ അമ്മ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്ന് മാലാ പാർവതി കുറ്റപ്പെടുത്തുന്നു. ശത്രുക്കൾക്ക് വലിയ ഉദ്ദേശ്യമാണുള്ളത്.
ശ്വേതാ മേനോനും നേരത്തേ ആരോപണം നേരിട്ട കുക്കു പരമേശ്വരനും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. ഇത് കേവലം ആരോപണമല്ല ആൺ കേന്ദ്രീകൃത ചുറ്റുപാടുകളെ എതിർക്കാൻ ശ്രമിക്കുന്ന ഏതൊരു സ്ത്രീയ്ക്കും സംഭവിക്കുന്നതാണ് ഇവിടെയും നടന്നത്. അതുകൊണ്ട് സ്ത്രീ സമൂഹം ഇവർക്ക് നേരെ നടക്കുന്ന സംഘടിത ആക്രമണത്തെ സർവ രീതിയിലും എതിർക്കണമെന്നും മാലാ പാർവതി പറയുന്നു.
താര സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂട്ടിയും നേതൃത്വം നൽകിയതിൻ്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും, ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി ആ പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മോഹൻലാൽ പ്രസിഡന്റ് പദവയിൽ നിന്ന് മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ എന്നാണ് മാലാപാർവതിയുടെ പോസ്റ്റിൽ പറയുന്നത്.
ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നം മാത്രമല്ല. അങ്ങനെ കാണാതെ, പൊതുസമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ അധികാര വടംവലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ് എല്ലാവരും ഓർക്കണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/share/p/1G82sSEz4s/?mibextid=wwXIfr
ശ്വേത മേനോനും കുക്കു പരമേശ്വരനും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം. ബാലിശമായ ഇലക്ഷൻ വടംവലി മാത്രമായാണ് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ഒരു താരത്തിനെതിരെ കേസെടുത്തുവെന്ന അപൂർവതകൂടിയുണ്ട് ശ്വേതമേനോനെതിരായ കേസിൽ. ഇക്കാര്യത്തിൽ സമൂഹ മാധ്യമത്തിൽ ചേരി തിരിഞ്ഞ് ആക്രമണവും നടക്കുന്നുണ്ട്. മാത്രമല്ല കേസിനെ സരസമായി വിശദീകരിക്കുന്ന പോസ്റ്റുകളും ധാരാളമാണ്.
പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിച്ചത് കേസിന്നാധാരമാണ് എന്നിരിക്കെ ഇതേ കേസിൽ സൂപ്പർ താരം മമ്മൂട്ടിയെയും പ്രതി ചേർക്കണമെന്നാണ് ആവശ്യം. അതിന് അവർ പറയുന്ന ന്യായം മരുമോളെ കൂട്ടിക്കൊടുത്ത പാലേരിയിലെ ചീരുവിന്റെ കേസ് കോടതിയിൽ എത്തുമ്പോൾ ആരാവും മമ്മൂട്ടിയ്ക്ക് വേണ്ടി ഹാജരാവുക എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മമ്മൂട്ടിയുടേതുൾപ്പെടെയുള്ള മലയാളികൾക്ക് സുപരിചിതമായ വക്കീൽ വേഷങ്ങളെ പരമാർശിച്ച് സമൂഹ മാധ്യമങ്ങളിലെ കോടതികൾ ഇതിനകം സജീവമായിക്കഴിഞ്ഞു.
കേവലം സംഘടനാ തെരഞ്ഞെടുപ്പ് എന്ന തലത്തിൽ നിന്ന് വലിയൊരു സാമൂഹ്യപ്രശ്നം എന്ന തലത്തിലേക്ക് താരസംഘടനയിലെ തെരഞ്ഞെടുപ്പ് എത്തി എന്നതിന്റെ വ്യക്തമായ സൂചനയാണ് ശ്വേതാമേനോനെതിരായ കേസ് എന്നതിൽതർക്കമില്ല. താരസംഘടനയിൽ മാത്രമല്ല നിർമാതാക്കളുടെ സംഘടനയിലും സമാന സ്ഥിതിയാണ്. കഴിഞ്ഞ ഏതാനും നാളുകളിലായി സാന്ദ്രാ തോമസ് ഉന്നയിക്കുന്ന ആരോപണങ്ങളും അതിനോട് സംഘടനാ നേതൃത്വം സ്വീകരിക്കുന്ന നിലപാടും വിഭിന്നമല്ല. സാന്ദ്രാ തോമസിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കേസിൽ ഇന്നലെ വാദം പൂർത്തിയായി വിധി പറയാൻ തിങ്കളാഴ്ചയിലേക്ക് മാറ്റി.