പ്രിയ ശ്രീനിവാസൻ
ബീഹാർ :രാജ്യം ഉറ്റുനോക്കുന്ന ബീഹാർ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് ബിജെപിയുടെ മഹാരാഷ്ട്ര മോഡൽ .തിരഞ്ഞെടുപ്പ് അടുക്കുംതോറും ബീഹാറിന്റെ മണ്ണിൽ പുകയുന്ന രാഷ്ട്രീയ വൈകൃതങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ലോക്സഭാ ഇലക്ഷന്റെ സമയത്തു ഇന്ത്യ സഖ്യത്തിനായിരുന്നു മുന്നേറ്റം.നിയമസഭാ ഇലക്ഷന്റെ സമയം വന്നപ്പോൾ ബിജെപി വെറും നാല് മാസം കൊണ്ട് നാല്പതു ലക്ഷം വോട്ടുകൾ വ്യാജമായി ചേർത്തു എന്ന് പരാതി ഉയർന്നിരുന്നു .തുടർന്ന് ജനവിധി അട്ടിമറിക്കപ്പെട്ടു.ഭരണം ബിജെപിയുടെ കൈകളിലായി.
അടുത്ത ലക്‌ഷ്യം ബീഹാർ ആണ്. മഹാരാഷ്ട്ര മോഡൽ ബീഹാറിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഇന്ത്യ സഖ്യത്തിന്റെ ഇടപെടലിന് എത്രത്തോളം ശക്തിയുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ബീഹാറിന്റെ ഭാവി.അപകടം മുന്നിൽക്കണ്ട് സമ്പൂർണ്ണ വോട്ടർപട്ടിക പുറത്തിറക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വരെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ വന്‍ അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ച് വ്യാജ ഒപ്പിടുന്ന വാര്‍ത്താ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചത്. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ 35.7 ലക്ഷം പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു .വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ മറവില്‍ വോട്ട് മോഷണം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ബ്രാഞ്ചായി മാറിയോ എന്ന് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തി.
ആരോപണം ശരി വയ്ക്കുന്ന രീതിയിൽ ബിഹാറിലെ മാധ്യമ പ്രവര്‍ത്തകന്‍ അജിത് അന്‍ജും പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തിറക്കിയിരുന്നു. പാറ്റ്നയിൽ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനമെന്ന പേരിലാണ് അജിത് അന്‍ജും തന്‍റെ യുട്യൂബ് ചാനലിലൂടെ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ശേഷം അവര്‍ തന്നെ വോട്ടമാരുടെ ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നു. അജിത് അന്‍ജുമിന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ മാധ്യമ പ്രവര്‍ത്തകനെതിരെയും കേസ് വന്നേക്കാമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബീഹാർ എന്നന്നേക്കുമായി സ്വന്തമാക്കാൻ ബിജെപി ഏറെനാളായി ശ്രമിക്കുന്നു.കോൺഗ്രസ്സ് ശക്തമായിട്ടു മുൻപോട്ടു പോയാൽ ബിജെപിയുടെ നീക്കത്തിന് സുപ്രീം കോടതി വഴി തടയിടാൻ സാധ്യതയുണ്ട്. കാലങ്ങളായി തിരഞ്ഞെടുപ്പിൽ വിജയം നേടി വരുന്ന നിതീഷ് കുമാറിനു കഴിഞ്ഞ തവണ ഭൂരിപക്ഷം തീരെ കുറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയായി നിതീഷിനെ വാഴിച്ച ബിജെപി നീക്കം വലിയയൊരു തന്ത്രത്തിന്റെ ഭാഗമായി വേണം കണക്കാക്കാൻ. മുഖ്യമന്ത്രി കസേര നീട്ടി നിതീഷിനെ ഒതുക്കാനുള്ള കുതന്ത്രം.തിരഞ്ഞെടുപ്പ് അടുക്കുംതോറും ബീഹാറിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കുത്തൊഴുക്കാണ്.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വ്യാപകമായ നിയമമാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വോട്ടവകാശം വിനിയോഗിക്കാനുള്ള തിരിച്ചറിയൽ രേഖകളിൽ നിന്നും പ്രധാനപ്പെട്ട ചില രേഖകൾ ഒഴിവാക്കികൊണ്ടു ഉത്തരവ് വന്നിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ടതിൽ പ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വോട്ടവകാശം വിനിയോഗിക്കാൻ നിലവിൽ ജനന സർട്ടിഫിക്കറ്റ് മതി എന്നാണ് പുതിയ ഉത്തരവ് .രാജ്യത്തു തന്നെ എത്ര പേർക്ക് ജനന സർട്ടിഫിക്കറ്റ് ലഭ്യമാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയായി നിർബന്ധമാക്കിയാൽ ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയിൽ നിന്നും പുറത്താകും.വോട്ട് ബന്ദി എന്ന് പൗരന്മാർ പറയുന്ന വോട്ടർ പട്ടിക തീവ്ര പരിശോധ കർശനമാക്കിയിരിക്കുകയാണ് ബീഹാറിൽ .ആധാറും റേഷൻ കാർഡും പടിക്കു പുറത്താക്കി തിരിച്ചറിയൽ രേഖയായി ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെ ഹാജരാക്കാൻ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ എട്ടു കോടി വോട്ടർമാരെ വെല്ലുവിളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ ജൂലൈ 25 നകം സമർപ്പിച്ചില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് എന്നെന്നേക്കുമായി വെട്ടി മാറ്റും എന്നാണ് ഭീഷണി.
അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി പോയവരെ ഒന്നടങ്കം വെട്ടി മാറ്റുമെന്നാണ് കമ്മീഷന്റെ വെളിപ്പെടുത്തൽ .അവരു തന്നെ രണ്ടു കോടിയോളം വരും. അതി ദുർബലരും ദരിദ്രരും ന്യൂനപക്ഷ വിഭാഗങ്ങളും അണിനിരക്കുന്ന ബീഹാറിലെ വോട്ടർമാർ മാസങ്ങൾ ഓടിയാലും സംഘടിപ്പിക്കാൻ സാധിക്കാത്ത രേഖകളാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഹാറിലെ നിലവിലുള്ള വോട്ടർമാരിൽ 89.7 ശതമാനം പേരും 2025 ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അവരുടെ എണ്ണൽ ഫോം സമർപ്പിച്ചതായിട്ടാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അറിയിക്കുന്നത്.ഇസിഐയുടെ കണക്കനുസരിച്ച്, ഏകദേശം 35.60 ലക്ഷം വോട്ടർമാരെ, അതായത് ബീഹാറിലെ വോട്ടർമാരിൽ 4.5 ശതമാനത്തെ, അവരുടെ വിലാസങ്ങളിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പറയുന്നത്.
ഇതിനിടെ മറ്റൊരു ഭാഗത്തു ബീഹാർ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു നിതീഷ് കുമാർ സർക്കാർ വൻ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 125 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നാണ് നിതീഷിന്റെ വാഗ്ദാനം. ജനകീയ പിന്തുണ ഏകീകരിക്കുന്നതിനായി, മുഖ്യമന്ത്രി വീടുകൾക്കുള്ള വൈദ്യുതി ദുരിതാശ്വാസ പാക്കേജ് പുറത്തിറക്കി. സൗരോർജ്ജം വിതരണം ചെയ്യുന്നതിനുള്ള മറ്റൊരു പദ്ധതിയും അവതരിപ്പിച്ചു.ഓഗസ്റ്റ് 1 മുതൽ ബീഹാറിലെ എല്ലാ യോഗ്യരായ ഗാർഹിക ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലും ബംഗാളിലും സന്ദർശനം തുടരുകയാണ് . 12,000 കോടി രൂപയുടെ പദ്ധതികളാണ് അജണ്ടയിലുള്ളത്.റെയിൽ, റോഡ്, ഊർജം, പാർപ്പിടം, ഐടി, മത്സ്യക്കൃഷി, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതികളാണ് മോദി ബീഹാറിലും പശ്ചിമ ബംഗാളിലുമായി ഉദ്ഘാടനം ചെയ്യുന്നത്.
ബീഹാറിൽ മാത്രം 7,200 കോടി രൂപയിൽ കൂടുതലുള്ള പദ്ധതികളുടെ തറക്കൽ ഇടീൽ പദ്ധതികളാണ് ആണ് മോദി ഉദ്‌ഘാടനം ചെയ്യുന്നത് . പുതിയ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്കുകൾ, പ്രധാന റെയിൽവേ,ഹൈവേ നവീകരണങ്ങൾ, ഗ്രാമീണ ക്ഷേമ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബീഹാറിനെയും പശ്ചിമ ബംഗാളിനെയും ഡൽഹി, ലഖ്‌നൗ എന്നിവയുമായി ബന്ധിപ്പിക്കുന്ന നാല് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങും പ്രധാനമന്ത്രി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബീഹാറിലെ പ്രധാന റെയിൽ പദ്ധതികളിൽ ദർഭംഗ, സമസ്തിപൂർ, നർക്കതിയാഗഞ്ച് എന്നിവയ്ക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ, ട്രെയിൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഭട്‌നി-ഛപ്ര ഗ്രാമീൺ വിഭാഗത്തിലെ സിഗ്നലിംഗ് നവീകരണം എന്നിവ ഉൾപ്പെടുന്നു. ബീഹാറിൽ സാങ്കേതികവിദ്യയും സംരംഭകത്വവും ഒരു പ്രധാന വിഷയമായി ഉയർത്തിപിടിക്കാനാണ് സാധ്യത. ഐടി, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദർഭംഗയിലും പട്നയിലും മോദി പുതിയ എസ്ടിപിഐ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.
ബീഹാറിലെ ഗ്രാമീണ മേഖലയിലെ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, തൊഴിൽ എന്നിവയെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത്ത യോജന (പിഎംഎംഎസ്വൈ) പ്രകാരമുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്. വോട്ടുബാങ്കായ ബീഹാറിലെ ഗ്രാമീണ മേഖല തിരഞ്ഞെടുപ്പ് കാലത്തു പുഷ്ടിപ്പെടുത്തുന്നത് മുന്നണികളുടെ ശീലമാണ്.ബീഹാറിലെ രാഷ്ട്രീയ കച്ചവട നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാവും .
