ഗുരുസ്ഥാനത്തുള്ള ഒരാൾ പറയുന്നത് പോലെ കണ്ടാൽ മതി; അടൂരിന് പിന്തുണയുമായി എം.മുകേഷ് 

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാ കോൺ​ക്ലേവിലെ വിവാദ പ്രസം​ഗത്തെ പിന്തുണച്ച് എം. മുകേഷ് എം.എൽ.എ. സര്‍ക്കാര്‍ സഹായത്തോടെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആ ഉദ്ദേശത്തോടെ ആയിരിക്കണമെന്നാണ് പറഞ്ഞതെന്ന് മുകേഷ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്നു കൊല്ലത്തെ ഒരു ക്ലാസ് കൊടുക്കണം. സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു. അദ്ദേഹം ഒരു ​ഗുരുസ്ഥാനിയനല്ലേ, ​ഗുരുസ്ഥാനത്തുള്ള ഒരാൾ പറയുന്നത് കേൾക്കാൻ ബാധ്യസ്ഥരാണെന്നും അടൂരിനെ പിന്തുണച്ച് മുകേഷ് പറഞ്ഞു.. 

നല്ല ചെറുപ്പക്കാര്‍ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും മുകേഷ് മറുപടി നൽകി. അടൂർ ​ഗോപാലകൃഷ്ണന്റെ പ്രസം​ഗം വിവാദമായതോടെ എതിർത്ത് ​ഗായിക പുഷ്പലത രം​ഗത്തെത്തിയിരുന്നു. അടൂരിനെതിരെ സംഭവത്തിൽ പരാതിയുമെത്തി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

അതേ സമയം പറഞ്ഞ പ്രസ്താവനയിൽ അടിയുറച്ചാണ് അടൂർ ഇന്നും മാധ്യമങ്ങളോട് പ്രതികരിച്ചത്. നിമയ്ക്കായി സഹായം നൽകുന്നതിൽ യാതൊരു പരാതിയുമില്ലെന്ന് അടൂർ പ്രതികരിച്ചു. പണം നൽകുന്നത് നല്ലതാണ്. പരിചയമില്ലാത്തവരെ പരിശീലനം നൽകണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും അടൂർ ചോദിക്കുന്നു. മുൻപരിചയം ഇല്ലാത്തവർക്കാണ് പലപ്പോഴും സർക്കാർ സഹായം നൽകുന്നത്. മികച്ച ക്യാമറാമാന്മാരെ നിർത്തി പരിചയമില്ലാത്തവർ ക്രഡിറ്റെടുക്കുന്നസാഹചര്യമാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ പ്രതികരിക്കുന്നു.

പലരും സിനിമയെടുക്കുന്നത് ക്യാമറാമാന്റെ സഹായത്താലാണ്. സിനിമയെടുക്കുന്ന വ്യക്തി കുറഞ്ഞത് ക്യാമറ, ലെൻസ്, ഫ്രെയിം എന്താണെന്ന് അറിയണം. അതറിയില്ലെങ്കിൽ സിനിമ പപ്പടമായി പോകും അടൂർ പറയുന്നു. പൊതുപണം സർക്കാർ ചിലവാക്കുമ്പോൾ അതിൽ കണക്കുണ്ടാകണം. വാരിക്കോരി എല്ലാവർക്കും കൊടുക്കുന്ന നയം നല്ലതല്ല. സ്ക്രിപ്റ്റ് പരിശോധിച്ചത് കൊണ്ടുമാത്രം നല്ല സിനിമ ഇറങ്ങില്ലെന്നും അടൂർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *