മണിപൂരിലെ അതിശയിപ്പിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ് ലോക് ടാക് തടാകം. ഇന്ത്യയിലെ എറ്റവും വലിയ ശുദ്ധ ജല തടാകം , ലോകത്തിലെ ഒരേയൊരു ഫ്ലോ ട്ടിങ് ദ്വീപു, ഒഴുകുന്ന ദേശീയ ഉദ്യാനം എന്നിങ്ങനെ അത്ഭുതങ്ങൾ നിറച്ച തടാകമാണ് ഇത്. മുകളിൽ നിന്നും നോക്കിയാൽ ദീപുകളെ പോലെ തോന്നുവെങ്കിലും ശരിക്കും ഇത് ദ്വീപുകൾ അല്ല. ഫംഡിസ് എന്നറിയപ്പെടുന്ന സസ്യജാലങ്ങളുടെയും മണ്ണിന്റെയും ശേഖരങ്ങൾ വർഷങ്ങൾ എടുത്ത് ദ്വീപുകളെപ്പോലെ രൂപമാറ്റം വരുന്നതാണ്
ഇംഫാലിൽനിന്ന് 53 കിലോമീറ്റർ അകലെയാണ് ഈ തടാകം. മണിപ്പൂരിൽ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അനുവാദം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഒൻപതു ഉപ ഹിമാലയൻ പർവത നിരകളാൽ ചുറ്റപ്പെട്ട മണിപൂർ വെള്ളച്ചാട്ടങ്ങളും, തടാകങ്ങളും, അരുവികളും നിത്യ ഹരിത വനങ്ങളും കൊണ്ട് സമൃദ്ധമാണ്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും ശാന്തതയും ആരുടെയും മനം കവരുന്നതാണ്.
240 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉള്ള തടാകത്തിൽ പൊങ്ങി കിടക്കുന്ന ദ്വീപ് പോലുള്ള പ്രദേശങ്ങളിൽ വീട് കെട്ടി താമസിക്കുന്നവരും ഉണ്ട്. മീൻ പിടിത്തമാണ് ഇവരുടെ ഉപജീവന മാർഗം. 3000 ത്തിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ആദ്യത്തെ ഒഴുകുന്ന സ്കൂളും ഇവിടെ കാണാം.
ഫംഡിസ് സസ്യജാലം
തടാകത്തിലെ ഒരു സസ്യജാല മാണിത്. സസ്യത്തിന്റെ അകൃതിയും വലുപ്പവും കാരണം മുകളിൽ നിന്ന് നോക്കിയാൽ വലിയ വട്ട പാത്രങ്ങൾ തടാകത്തിൽ ഇട്ടതായി തോന്നും. ഫംഡിസ് ഇല്ലാതായാൽ തടാകത്തിലെ ദേശീയ ഉദ്യാനം,സാംഗായി മാനുകൾ എന്നിവയുടെ നിലനിൽപ് അവതാളത്തിലാകും.
ഒഴുകുന്ന ദേശീയ പാർക്ക്
ലോകത്തിലെ തന്നെ ഒഴുകുന്ന ഒരേ ഒരു ദേശീയ ഉദ്യാനമാണ് കെയ്ബുൾ ലാംജാവോ ദേശീയ ഉദ്യാനം. പകുതി വനവും, പകുതി ജലാശയങ്ങളും നിറഞ്ഞ ഒരു അപൂർവ വിസ്‌മയമാണ് കെയ്ബുൾ ലാംജാവോ. നിലവിൽ യൂനസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ താൽകാലിക പട്ടികയിൽ ആണ്. അടിസ്ഥാനപരമായി നോക്കിയാൽ ആമസോണിന്റെ ഇന്ത്യയിലെ ഒഴുകി നടക്കുന്ന പതിപ്പാണ് ഇത്. കാട്ടുപന്നി, വെരുക്, കാട്ടുപൂച്ച, ഗോൾഡൻ പൂച്ച, പാമ്പുകൾ, കാട്ടു നെല്ല്, ആമ്പൽ മുതൽ ഔഷധ സസ്യങ്ങളും ഇവിടെ ഉണ്ട്.
സാംഗായി, നൃത്തം ചെയ്യുന്ന മാനുകളെ കാണാം
എൽഡസ് മാൻ, സാംഗായി എന്നും വിളിക്കുന്ന മാനുകൾ ഭംഗിയുള്ള കുളമ്പുകളും, വളഞ്ഞ കൊമ്പുകളുമായി ചാടി ചാടി നർത്തകനെ പോലെ നീങ്ങുന്ന കാഴ്ച കാണാം. വംശ നാശ ഭീഷണി നേരിടുന്ന ഇവ മണിപൂരിന്റെ അഭിമാനവും പാർക്കിന്റെ മുഖമുദ്രയുമാണ്. രാവിലെ 6-10 നും ഇടയിൽ പാർക്ക് സന്ദർശിച്ചാൽ ഇവയെ കാണാൻ സാധിക്കും.