പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് കിക്കോഫ്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ ബേൺമൗത്തിനെ 4-2ന് പരാജയപ്പെടുത്തി. കഴിഞ്ഞ സീസണിലെ മിന്നും ഫോം തുടരുകയാണ് പുതിയ സീസണലും തുടരുന്ന കാഴ്ചയ്ക്കാണ് ആൻഫീൽഡ് സാക്ഷിയായത്. കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആൻഡ്രെ സിൽവയ്ക്കും ആദരമർപ്പിച്ചുകൊണ്ടാണ് മത്സരം ആരംഭിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ലിവർപൂളിന്റെ സമ്പൂർണ ആധിപത്യമായിരുന്നു.37-ാം മിനിറ്റിൽ പ്രീമിയർ ലീഗിലെ ലിവർപൂളിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ഹ്യൂഗോ എകിടിക്കെയാണ് ചെമ്പടയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ (49-ാം മിനിറ്റ്) കോഡി ഗാപ്കോ ലീഡ് ഉയർത്തി. ഇതോടെ ഉണർന്ന് കളിച്ച ബേൺമൗത്തിനു വേണ്ടി അന്റോയിൻ സെമന്യോ ഇരട്ടഗോൾ നേടി. 64, 76 മിനിറ്റുകളിൽ തുടർ പ്രഹരങ്ങൾ ബേൺമൗത്തിനെ സ്കോർബോർഡിൽ ഒപ്പമെത്തിച്ചു.
എന്നാൽ, പകരക്കാരനായി ഇറങ്ങിയ ഫെഡ്രിക്ക് ചീസ വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു. 88-ാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെയായിരുന്നു ചീസയുടെ ഗോൾ നേട്ടം. മത്സരം വീണ്ടും തങ്ങളുടെ വരുതിയിലേക്ക് വരുത്തിച്ച ചാംപ്യന്മാർക്കുവേണ്ടി സൂപ്പർ താരം മുഹമ്മദ് സലാഹ് ആയിരുന്നു അക്കൗണ്ട് പൂട്ടിയത്. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോൾ നേടിയ താരം പ്രീമിയർ ലീഗിൽ ഇതുവരെ എഴുതപ്പെടാത്ത ഒരു റെക്കോർഡും തന്റെ പേരിലാക്കി.
പ്രീമിയർ ലീഗ് ഓപ്പണിങ് മത്സരങ്ങളിൾ 10 ഗോൾ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സലാഹ്. ഇതുവരെ ഒരു കളിക്കാരനും ലീഗിന്റെ ആദ്യ മത്സരത്തിൽ 10 ഗോൾ നേട്ടം കൈവരിച്ചിട്ടില്ല. ജെയ്മി വാർഡി, വെയ്ൻ റൂണി, അലൻ ഷീറർ, ഫ്രാങ്ക് ലാംപാർഡ് എന്നിവർ ആദ്യ മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. ബേൺമൗത്തിനെതിരെ 94-ാം മിനിറ്റിലായിരുന്നു സലാഹ്യുടെ ഗോൾ. കഴിഞ്ഞ സീസണിലെ ഗോൾഡൺ ബൂട്ട് വിന്നർ കൂടിയാണ് സലാഹ്.