സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ രോഗത്തിന്റെ രൂപത്തില്‍ വിധിയുടെ പ്രഹരമേറ്റ് തകര്‍ന്നു പോയ മിലിന്ദ് ഷായെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആദീബ് അഹമ്മദിന്റെ രൂപത്തിലാണ് ദൈവമെത്തിയത്. യു.എ.ഇയിലെ പ്രമുഖ ബിസിനസ്സുകാരനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ ആദീബ് അഹമ്മദ് അടിയന്തര എയര്‍ലിഫ്റ്റ് സംഘടിപ്പിച്ച് മിലിന്ദിനെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
തന്റെയും തന്നെ ആശ്രയിക്കുന്ന കുടുംബത്തിന്റെയും നല്ല ഭാവി സ്വപ്‌നം കണ്ടാണ് തൃശൂരില്‍ നിന്നുള്ള 28കാരനായ മിലിന്ദ് ഷാ മറ്റേതൊരു മലയാളി യുവാവിനെയും പോലെ ദുബൈയില്‍ എത്തിയത്. നാട്ടില്‍ നിന്നും ജോലി തേടി വിസിറ്റിംഗ് വിസയില്‍ എത്തിയ മിലിന്ദിനെ കാത്തിരുന്നത് പക്ഷെ കടുത്ത പ്രതിസന്ധികളായിരുന്നു. പനിയുടെ രൂപത്തിലാണ് അസുഖമെത്തിയത്. അതിന്റെ ചികിത്സയ്ക്കിടയില്‍ സെപ്റ്റിക് ഷോക്ക് ബാധിച്ച് ആരോഗ്യനില വീണ്ടും ഗുരുതരമായി. അണുബാധ മൂര്‍ഛിച്ച് ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന സ്ഥിതിവിശേഷം.
ഇന്‍ഷുറന്‍സ് പോലുമില്ലാത്ത മിലിന്ദിനെ ഉടന്‍ നാട്ടിലേക്കു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. പക്ഷെ വിലയേറിയ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ മിലിന്ദിനോ കുടുംബത്തിനോ പ്രാപ്തി ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് വിവരമറിഞ്ഞ് ആദീബ് അഹമ്മദ് ഇടപെടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം അടിയന്തര എയര്‍ലിഫ്റ്റ് സംഘടിപ്പിച്ച് മലിന്ദിനെ കൊച്ചിയിലേക്കെത്തിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലഭിച്ച തീവ്രപരിചരണത്തിലൂടെ മലിന്ദ് ഗുരുതരാവസ്ഥ തരണം ചെയ്തു. ഹോസ്പിറ്റല്‍ വിടാന്‍ ആയിട്ടില്ലെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമുണ്ട്. സമയോചിതമായ ഒരു സഹായഹസ്തത്തിന് വിലപ്പെട്ട ഒരു ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ഓര്‍മപ്പെടുത്തലായി മലിന്ദിന്റെ അതിജീവനാനുഭവം.