കര്‍ണാടകയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് ഗവണ്മെന്റിനെ നയിക്കുന്ന സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈനാണ് മൂന്നു മാസത്തിനകം ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയിലൂടെ ആദ്യ വെടി പൊട്ടിച്ചത്. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡ് പ്രതിനിധിയായ രണ്‍ദീപ് സുര്‍ജെവാല കര്‍ണാടകത്തിലെത്തി എംഎല്‍എമാരുടെ മനസ്സറിയാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സിദ്ധരാമയ്യ ഒഴിയാന്‍ വിസമ്മതിച്ചാല്‍ കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടുമൊരു ബലപരീക്ഷണം നടക്കും.
ഹൈക്കമാന്‍ഡ് മുന്‍പെടുത്ത തീരുമാനം അനുസരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉടനെ മുഖ്യമന്ത്രിയാകുമെന്നാണ് രാമനഗര എംഎല്‍എ ഇഖ്ബാല്‍ ഹുസൈന് വെളിപ്പെടുത്തിയത്. മൂന്ന് മാസത്തിനകം ഡി കെ ശിവകുമാര്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘അന്ന് ന്യൂഡല്‍ഹിയില്‍ തീരുമാനം എടുത്തപ്പോള്‍ ഡി കെ ശിവകുമാറും ഞാനും ഒരുമിച്ചുണ്ടായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ സിദ്ധരാമയ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി ഓഫീസില്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള നേതൃമാറ്റത്തെ കുറിച്ച് തീരുമാനിച്ചിരുന്നു.’ ഇക്ബാല്‍ ഹുസൈന് പറഞ്ഞു. ഹൈക്കമാന്‍ഡ് അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ മകന് യതീന്ദ്ര പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു ഡി.കെ ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്ബാല്‍ ഹുസൈന്.
കര്‍ണാടകയില്‍ സെപ്തംബര്‍ കഴിയുന്നതോടെ നേതൃമാറ്റമുണ്ടാകുമെന്ന് കെ.എന്‍ രാജണ്ണ, സതീഷ് ജാര്‍ക്കിഹോളി എന്നീ മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡി.കെ ശിവകുമാര്‍ ഇത് തള്ളി. അതേസമയം സര്‍ക്കാര്‍ പദ്ധതികളില്‍ കടുത്ത അഴിമതി ആരോപണം ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നുതന്നെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതോടെ ബിജെപിയടക്കം പ്രതിപക്ഷ കക്ഷികള്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ്.
Previous Postഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്നു; സിപിഎം കനിഞ്ഞാല്‍ റവാഡ ചന്ദ്രശേഖര്‍, അല്ലെങ്കില്‍ നിധിന് അഗര്‍വാള്‍ പുതിയ പോലീസ് മേധാവിNext Postഷോപ്പിങ്ങ് മാൾ തുറന്നപ്പോഴും പിന്നീട് ബോൾഗാട്ടി കൺവെൻഷൻ സെന്റർ തുറന്നപ്പോഴും എതിർപ്പുകൾ ഉയർന്നു; ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളും ഇവിടേക്ക് എത്തുന്നു: എം.എ യൂസഫലി