കുവൈറ്റ് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചതായി സൂചന. നിരവധിപ്പേർ ആശുപ്രതിയിൽ ചികിൽസയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന. ഇവരെല്ലാം ഏഷ്യയിൽനിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും മദ്യത്തിൽനിന്ന് വിഷബാധയേറ്റതായും പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു.
ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്‌ച നഷ്‌ടമായെന്ന് ആശുപ്രതിവൃത്തങ്ങൾ പറഞ്ഞു. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. അഹമ്മദി ഗവർണറേറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശിക വ്യാജമദ്യ നിർമ്മിതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്ന് മദ്യം വാങ്ങിയ പ്രവാസികൾക്കാണ് വിഷബാധയേറ്റത്. 1965 മുതൽ സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്.