കുവൈത്ത് സിറ്റി: കുവൈത്ത് വിഷ മദ്യ ദുരന്തത്തിൽ മരിണ സംഖ്യ ഉയരുന്നു. 23 പേർ മരണപ്പെട്ടതായും നൂറിലധികം ആളുകൾ ചികിത്സയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയിൽ കഴിയുന്നവരിൽ കൂടുതൽ ആളുകളും മലയാളികളാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിലും ഒരു കണ്ണൂർ സ്വദേശി ഉൾപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നോ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.
അതേസമയം, ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണ് എന്നും മറ്റ് ചിലര്‍ അപകടനില തരണം ചെയ്തതായും എംബസി അറിയിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നുണ്ടെന്ന് എംബസി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.
ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. അഹമ്മദി ഗവർണറേറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശിക വ്യാജമദ്യ നിർമ്മാതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1965 മുതൽ സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്.
മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ഇവർ ഏത് രാജ്യത്ത് നിന്നുള്ള പൗരന്മാരാണെന്ന വിശദമായ വിവരം ഇതുവരെ പുറത്തു വിട്ടട്ടില്ല. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ച ഇന്ത്യക്കാരിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കിവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.