കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം മെമ്മറി കാർഡ് എവിടെയെന്ന ചോദ്യത്തിന് കുക്കു പരമേശ്വരൻ മറുപടി നൽകണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പ്രതി നൽകാനൊരുങ്ങി വനിത താരങ്ങൾ.
മെമമ്മറി കാർഡിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായാണ് നടി കുക്കു പരമേശ്വരൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മെമ്മറി കാർഡുമായി തനിക്ക് ഒരു ബന്ധവുമില്ല. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നു. താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നതായും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും കുക്കു നൽകിയ പരാതിയിൽ പറയുന്നു.
പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി നല്കിയത്. അതേസമയം ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരൻ മറുപടി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഷയത്തിൽ നടി ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ അമ്മയ്ക്ക് പരാതി നൽകി.
ആരുടെ നിർദ്ദേശ പ്രകാരമാണ് വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്നും നടിമാർ ആവശ്യപ്പെട്ടു. മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചത്. ആ പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് ഉപയോഗിച്ച് കുക്കു ചില താരങ്ങളെ ഭീക്ഷണിപ്പെടുത്തിയെന്നാണ് ആരോപണം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ മത്സരിക്കുന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ആളിക്കത്തുന്നത്.