ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ ആശയം മുന്നോട്ടു വച്ച് കെഎസ് യുഎമ്മിന്റെ ബിയോണ്ട് ടുമോറോ സമ്മേളനം

ക്രിയേറ്റീവ് മേഖലയിലെ അസംഘടിത സമൂഹത്തിനായി ഇന്‍കുബേറ്റര്‍ എന്ന ആശയം മുന്നോട്ടു വച്ച് രണ്ടാമത് ബിയോണ്ട് ടുമോറോ സമ്മേളനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യും ചേര്‍ന്നാണ് ബിയോണ്ട് ടുമാറോ സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്.
കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് ജോ. സെക്രട്ടറി സഞ്ജയ് കൗള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം കോടി രൂപയാണ് ക്രിയേറ്റീവ് മേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്നത്. 30 ലക്ഷം പേര്‍ക്ക് ഈ മേഖലയില്‍ നിന്ന് തൊഴിലവസരം ലഭിക്കുന്നു. എവിജിസി(ഓഡിയോ, വിഷ്വല്‍, ഗെയിമിംഗ്, കോമിക്സ്) മേഖല 29 ശതമാനമാണ് വളര്‍ന്നത്.
ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. കേരളം മുന്നോട്ടു വച്ച ഉത്തരവാദിത്ത ടൂറിസം ഇന്ന് ലോകത്തിന് തന്നെ അനുകരണീയ മാതൃകയായി മാറി. ക്രിയേറ്റീവ് മേഖലയെ പരിപോഷിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ക്രിയേറ്റീവ് വര്‍ക്ക് ഡാറ്റാബേസ് രൂപീകരിച്ചിട്ടുണ്ട്. ഇതു വഴി ദേശീയതലത്തില്‍ അവസരങ്ങളുടെ ശൃംഖല ഈ മേഖലയില്‍ സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ മേഖലയില്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനം നടത്തുന്ന അസംഘടിത സമൂഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാനാണ് ഇക്കുറി ബിയോണ്ട് ടുമാറോ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇതിനു വേണ്ടി സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും. യാഥാര്‍ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലാണ് നിര്‍മ്മിത ബുദ്ധിയുടെ ഉത്പന്നങ്ങള്‍ കടന്നു വരുന്നത്. എഐ വിപ്ലവത്തെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്തിക്കാനാണ് ഈ സമ്മേളനത്തിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ കെഎസ് യുഎം നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഉള്‍ക്കൊള്ളുന്നതാകും ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥയെന്ന് അവര്‍ പറഞ്ഞു.
സാഹിത്യ സമ്മേളനങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് ടീംവര്‍ക്ക് ആര്‍ട്സിന്റെ എംഡിയും ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി കോ-ചെയറുമായ സഞ്ജോയ് കെ റോയ് പറഞ്ഞു. സംസ്ഥാനത്തെ പ്രധാന സാഹിത്യസമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലമെന്ന നിലയില്‍ കോഴിക്കോടിന് ഈ സാധ്യത ഉപയോഗപ്പെടുത്താം. ക്രിയേറ്റീവ് മേഖലയില്‍ നിന്നുള്ള വരുമാനം 119 ബില്യണ്‍ രൂപയാണ്. രാജ്യത്തെ തൊഴിലവസരങ്ങളില്‍ 8.9 ശതമാനവും ക്രിയേറ്റീവ് മേഖലയില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, കെഎസ് യുഎം സീനിയര്‍ ഫെലോയും ടാവോസ് സ്ഥാപകയുമായ ഡോ. ടാന്യ എബ്രഹാം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സൈക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫിലിപ് തോമസ്, ആര്‍ട്ട് ലിങ്ക്സ് സഹസ്ഥാപക സാധന റാവു, നൃത്താധ്യാപിക ഡോ. അശ്വതി രാജന്‍, യുവ ഏകതാ ഫൗണ്ടേഷന്‍ ട്രസ്റ്റി പുനീത റോയി, ബ്രിട്ടീഷ് കൗണ്‍സില്‍ സീനിയര്‍ ആര്‍ട്സ് മാനേജര്‍ പരമിത ചൗധരി, രവി ഡിസീ, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഹോണററി ഡയറക്ടര്‍ വി രവിചന്ദര്‍, മാതൃഭൂമി ഡയറക്ടര്‍ ഓപ്പറേഷന്‍സ് ദേവിക എംഎസ്, ടൈംലെസ് അയോധ്യ ഫെസ്റ്റിവല്‍ സ്ഥാപകന്‍ മിന്‍ഹാല്‍ ഹസന്‍, എസ്സാര്‍ ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ആസാദ് ലാല്‍ജി, ആവണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചെയര്‍മാന്‍ ടോണി ജോസഫ്, എസ്ടിഐആര്‍ സ്ഥാപകന്‍ അമിത് ഗുപ്ത എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
പദ്മശ്രീ രാമചന്ദ്ര പുലവര്‍, രാജീവ് പുലവര്‍ എന്നിവര്‍ അവതരിപ്പിച്ച തോല്‍പ്പാവക്കൂത്തും പരിപാടിയ്ക്ക് മിഴിവേകി.

Leave a Reply

Your email address will not be published. Required fields are marked *