തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ടുള്ള കെപിസിസി പുനസംഘടനയാണ് രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജംബൈ കമ്മിറ്റി വരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സജീവമാണ്. എന്നാൽ പുനസംഘടന പട്ടിക വൈകുമെന്ന തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേതൃത്വത്തിൽ തർക്കങ്ങൾ തുടരുന്നതും അവസാനവട്ട കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നതുമാണ് പട്ടിക വൈകാനുള്ള കാരണം.
അതേസമയം, ഈ ആഴ്ച തന്നെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കള്‍ ഇപ്പോഴും ഇക്കാര്യത്തിലെ ചര്‍ച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കെപിസിസിക്ക് കീറാമുട്ടിയാണ്.
നേരത്തെ കെപിസിസി അധ്യക്ഷനെയടക്കം മാറ്റി പുതിയ നേതൃത്വം പാർട്ടി മുൻ നിരയിലേക്ക് വന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണം ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. എന്നാൽ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ സമവായത്തിലെത്താൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. ജൂണ്‍മാസത്തില്‍ ആരംഭിച്ച അനൗദ്യോക ചര്‍ച്ചകളിലൊന്നും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ പറ്റാതെ വന്നതോടെ ചര്‍ച്ച ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
വി.ഡി സതീശന്‍ എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ചതും, കണ്ണൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റുന്നതിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ തീരുമാനം കൈക്കൊള്ളാന്‍ പറ്റാതെ വരികയായിരുന്നു. എല്ലാ ജില്ലകളിലും മൂന്നോളം നേതാക്കളെ ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് വിവിധ നേതാക്കള്‍ ശിപാര്‍ശ ചെയ്യുകയും അവര്‍ക്കായി വാദിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷന്മാരെ അന്തിമമായി തീരുമാനിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.