കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറി, ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം കൂടെയുണ്ടാവും: കെ.സി വേണുഗോപാൽ

കൊച്ചി: കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.  മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും മയക്കുമരുന്ന് വ്യാപനം തടയുന്നതിന് കോൺഗ്രസ് നടത്തുന്ന അന്തിമ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്നുകളുടെ അടിമത്വത്തിൽ നിന്നും സ്വബോധത്തിന്റെ സ്വതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാമെന്ന് മുദ്രവാക്യം ഉയർത്തി കൊച്ചിയിൽ കെപിസിസി സംഘടിപ്പിച്ച ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരളം ഭരിക്കുന്ന സർക്കാരും പാർട്ടിയും മയക്കുമരുന്ന് മാഫിയയ്ക്ക് കുട പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ ജയിൽ പുള്ളികൾക്ക് പോലും മയക്കുമരുന്ന് യഥേഷ്ടം ലഭിക്കുന്ന സാഹചര്യമാണെന്ന് കെപിസിസി അധ്യക്ഷൻ അഡ്വ സണ്ണി ജോസഫും പറഞ്ഞു. സർക്കാരിന്റെ അനാസ്ഥ ജനങ്ങൾ കാണുന്നുണ്ട്. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളുടെ എണ്ണം കൂടുന്നത് അല്ലാതെ പ്രതികൾക്ക് കൃത്യമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യൂത്ത് കോൺ​ഗ്രസിന് പുറമെ മഹിള കോൺ​ഗ്രസ്, കെ.എസ്.യു തുടങ്ങിയ കോൺ​ഗ്രസിന്റെ പോഷക സംഘടനകളാണ് കെപിസിസി ആഹ്വാനമനുസരിച്ച് വാക്കത്തോൺ സംഘടിപ്പിച്ചത് . കലൂർ ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ മറൈൺ ഡ്രൈവിൽ സമാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി  ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ്, രാഹുൽ മാങ്കുട്ടത്തിൽ, എ.പി അനിൽ കുമാർ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ തുടങ്ങിയവരും സംസാരിച്ചു. കെപിസിസി ആഹ്വാനം ചെയ്ത മെഗ വാക്കത്തോണിൽ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *