കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് പൂര്‍ണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയ്ക്കാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ നിലവിലെ 11,14,10 വാര്‍ഡുകളോട് ചേര്‍ന്നുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു. ഈ കോംപ്ലക്‌സിന്റെ 11, 14 വാര്‍ഡുകളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവില്‍ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു. ഐ.സി.യു., ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയവ പുതുതായി പണി കഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റി പ്രവര്‍ത്തനം തുടരാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അപകടത്തില്‍ തലയോലപ്പറമ്പ് ചേപ്പോത്തുകുന്നേല്‍, ഉമ്മാന്‍കുന്ന് ബിന്ദു (52 വയസ്സ്) മരിച്ചു. അലീന (11), അമല്‍ പ്രദീപ് (20), ജിനു സജി (38) എന്നിവര്‍ക്ക് സാരമില്ലാത്ത പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാ കിടപ്പു രോഗികളും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും ഡോ. വര്‍ഗീസ് പി. പുന്നൂസ് അറിയിച്ചു.
നിലവില്‍ മേല്‍ വാര്‍ഡുകളിലെ കിടപ്പു രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി.
മന്ത്രിമാരായ വീണാ ജോര്‍ജ്, വി.എന്‍ വാസവന്‍,ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഖോബ്രാഗെഡെ, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ തുടങ്ങിയവര്‍ ഉടന്‍ തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു.
2025 മേയ് 30ന് ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, സഹകരണ-ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ എന്നവിരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഴയ സര്‍ജിക്കല്‍ ബ്ലോക്ക് പൂര്‍ണ്ണമായും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ജൂലൈ മാസം അവസാനത്തോടെ മാറ്റുവാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനായുളള മാറ്റങ്ങള്‍ ധ്രുത ഗതിയില്‍ നടന്നു വരുകയായിരുന്നു. കിഫ്ബി ഫണ്ടില്‍ (194.29 കോടി) പുതുതായി പണി കഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് പൂര്‍ണ്ണമായും വാര്‍ഡുകളും ഐ.സി.യു., ഓപ്പറേഷന്‍ തിയറ്റര്‍ മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു.