കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ ബന്ധു കൂടിയായ ചേലാട് സ്വദേശിനി അദീനയുമായി അടുപ്പത്തിലായിരുന്നു. അൻസിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. അദീന വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷമം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ച് അൻസിൽ സുഹൃത്തിനോട് പറഞ്ഞിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് അദീനയെ പോലീസ് അറസ്റ്റ് ചെയ്തത്.
മാലിപ്പാറയിലുള്ള അദീനയുടെ വീട്ടില്‍വെച്ചാണ് അന്‍സിലിന്റെ ഉള്ളില്‍ വിഷംചെന്നത്. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അൻസിലിനെ വിദഗ്ധചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതിയുമായി തെറ്റിപ്പിരിഞ്ഞ അൻസിലിനെ കരുതിക്കൂട്ടി വിളിച്ചു വരുത്തി വിഷം നൽകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.