കോന്നി പാറമട അപകടം :പെർമിറ്റ് 2026 വരെയെന്നു കളക്ടർ ;ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

പത്തനംതിട്ട: കോന്നിയിൽ അപകടം നടന്ന പാറമടയിൽ അളവിൽ കൂടുതൽ പാറ പൊട്ടിച്ചോ, അനുവദിച്ച സ്ഥലത്തായിരുന്നോ പാറ പൊട്ടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു . പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെർമിറ്റ് ഉണ്ടായിരുന്നതായും ക്വറിക്കെതിരെ നേരത്തെ നാട്ടുകാർ മലിനീകരണം അടക്കമുള്ള പരാതികൾ നൽകിയിരുന്നെന്നും എന്നാൽ പരിശോധനയിൽ അത്തരത്തിലൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നും കളക്ടർ പറഞ്ഞു. ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനം ഉടൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് പാറയിടിഞ്ഞയിടത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. സ്ഥലത്ത് വീണ്ടും പാറക്കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ് . അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പാറമടയിൽ നീരുറവ കണ്ടെത്തിയതിനെ തുടർന്ന് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആലപ്പുഴയിൽ നിന്നും നീളം കൂടിയ ക്രയിൻ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *