ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിന്റെ ഭാവിയെന്താകുമെന്നാണ് മലയാളികളടക്കമുള്ള വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. രാജസ്ഥാൻ റോയൽസ് വിടാനുള്ള ആഗ്രഹം താരം തന്നെ മാനേജ്മെന്റിനെ അറിയച്ചതോടെയാണ് സഞ്ജുവിന്റെ കൂടുമാറ്റം വീണ്ടും സജീവ ചർച്ച വിഷയമാകുന്നത്. ചെന്നൈയുമായുള്ള ട്രേഡ് ചർച്ചകൾ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നതോടെ ഇനി സഞ്ജു എങ്ങോട്ടേയ്ക്കെന്നാണ് അറിയേണ്ടത്. സഞ്ജുവിനെ കൈമാറ്റം ചെയ്യാനുള്ള താത്പര്യം രാജസ്ഥാൻ ടീം മാനേജ്മെന്റും മറ്റ് ഐപിഎൽ ക്ലബ്ബുകളെ അറിയിച്ചു കഴിഞ്ഞു.
ഇതിനിടെയാണ് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സഞ്ജുവിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. സ്വന്തമാക്കാന്‍ വളരെയധികം ആഗ്രഹിക്കുന്ന കെകെആര്‍ അവരുടെ രണ്ട് പ്രധാന താരങ്ങളെ ട്രേഡ് ഡീലില്‍ വാഗ്ദാനം ചെയ്തതായി ആനന്ദബസാര്‍ പത്രിക റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി വിശേഷിപ്പിക്കപ്പെട്ടു പോരുന്ന അങ്ക്രിഷ് രഘുവന്‍ഷിയെയോ രമന്‍ദീപ് സിങിനെയോ രാജസ്ഥാന് കൈമാറാനാണ് കൊൽക്കത്ത പദ്ധതിയിടുന്നത്.
സഞ്ജുവിന്റെ ആദ്യ ഐപിഎൽ ക്ലബ്ബ് കൂടിയാണ് കൊൽക്കത്ത. 2009ൽ തന്നെ കൊൽക്കത്തയുടെ പ്ലെയർ പൂളിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. 2012ൽ കൊൽക്കത്തയുമായി കരാറിലെത്തിയെങ്കിലും ആ സീസണിൽ ടീമിനായ കളത്തിലിറങ്ങാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇതിന് ശേഷമാണ് 2013ൽ താരം രാജസ്ഥാൻ റോയൽസിലെത്തുന്നത്. സ്ഥിരതയാർന്ന പ്രകടനവും വിപണി മൂല്യവും സഞ്ജുവിനെ രാജസ്ഥാന്റെ നായക സ്ഥാനത്തും എത്തിച്ചു.
അതേസമയം, കെകെആർ കൂടുതൽ പ്രചോദനാത്മകമായ ഒരു മത്സരാർത്ഥിയായി ഉയർന്നുവരുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. കെകെആറിന് വിശ്വസനീയനായ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഇല്ലെന്നും സാംസണിന്റെ അനുഭവപരിചയവും നേതൃത്വവും അവർക്ക് വളരെയധികം പ്രയോജനപ്പെടുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഈ നിലപാടിനെ അടിവരയിടുന്നതാണ് കെകെആറിന്റെ പുതിയ നയം. നിലവിലത്തെ സാഹചര്യത്തിൽ ചെന്നൈയേക്കാൾ സഞ്ജു കൊൽക്കത്തിയിലെത്താനുള്ള സാധ്യതകളാണ് കൂടുതൽ.