ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിന്റെ ദിശയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമ ട്വന്റി 20 ക്കു പിന്നാലെ ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റിലും ഇന്ത്യ സുസജ്ജമാണെന്ന സൂചന നല്‍കുന്നതാണ്. അതേസമയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ എങ്ങനെയൊക്കെ?
ഗില്‍ നായകസ്ഥാനത്തേക്ക്
ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ശര്‍മ നായകസ്ഥാനത്ത് തുടരുന്നത്. ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവും ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും രോഹിത്തിന്റെ പിന്‍ഗാമികളായിക്കഴിഞ്ഞു. ഏകദിനത്തിലും അധികം താമസിയാതെ പുതിയ നായകനെത്തും. ശുഭ്മാന്‍ ഗില്ലിനു തന്നെയാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തൃപ്തരാണ്. ഗില്ലിനെ ഏകദിന നായകനാക്കാന്‍ ബിസിസിഐ ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളുണ്ട്. ഈ ഏകദിന പരമ്പരയില്‍ രോഹിത് ഇന്ത്യയെ നയിക്കും. അതിനുശേഷമായിരിക്കും ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുക. അതായത് 2027 ലെ ഏകദിന ലോകകപ്പില്‍ ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക.
രോഹിത്തിന്റെയും കോലിയുടെയും ഭാവി
2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നത്. 2023 ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റത് ഇരുവരെയും മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. അതിനാലാണ് അടുത്ത ലോകകപ്പ് കൂടി കളിക്കാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ അത് സാധ്യമാകുമോ എന്ന കാര്യത്തില്‍ സംശയമാണ് !
2027 ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും കോലിക്ക് പ്രായം 38 ആകും, രോഹിത്തിനു 39 ലേക്ക് കടക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഈ രണ്ട് മുതിര്‍ന്ന താരങ്ങളെയും ഏകദിന ലോകകപ്പ് കളിപ്പിക്കാന്‍ ബിസിസിഐ തയ്യാറാകുമോയെന്ന് സംശയമാണ്. വരുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇരുവരുടെയും ഏകദിന വിരമിക്കലും വേഗത്തിലാകും.
പകരം ആര്?
വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലെങ്കിലും ഏകദിന ഫോര്‍മാറ്റിലും ഇന്ത്യക്ക് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന അനുകൂല അവസ്ഥയാണ് നിലവില്‍ ഉള്ളത്. രോഹിത് ശര്‍മയ്ക്കു പകരം ഓപ്പണിങ്ങില്‍ യശസ്വി ജയ്‌സ്വാള്‍ സ്ഥാനം പിടിക്കും. രോഹിത്തിന്റെ പടിയിറക്കത്തിനു ശേഷം ഗില്ലും ജയ്‌സ്വാളും ആയിരിക്കും ഏകദിനത്തില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍.
വിരാട് കോലിയുടെ പകരക്കാരന്റെ കാര്യത്തിലായിരിക്കും ഇന്ത്യക്ക് അല്‍പ്പം തല പുകയ്‌ക്കേണ്ടി വരിക. ടെസ്റ്റില്‍ വണ്‍ഡൗണ്‍ ആയി ഇറങ്ങുന്ന സായ് സുദര്‍ശന്‍ കോലിക്ക് പകരക്കാരനായി ഏകദിനത്തിലും മൂന്നാം നമ്പറില്‍ കളിച്ചേക്കും. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരെയും ഇന്ത്യക്ക് പരീക്ഷിക്കാം. അല്ലെങ്കില്‍ സായ് സുദര്‍ശനെ ഓപ്പണറാക്കി ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.