ബെംഗളൂരു: മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയെ ബലാത്സംഗ കേസിൽ കുടുക്കിയത് ഫാം ഹൗസിൽ ഒളിപ്പിച്ച സാരി. പ്രജ്വലിന്റെ ഫാം ഹൗസിൽ നിന്ന് കണ്ടെത്തിയ സാരി കേസിലെ പ്രധാന തെളിവായി മാറുകയായിരുന്നു. സാരിയിൽ നിന്ന് കണ്ടെത്തിയ സെമെൻ ഫോറൻസിക് പരിശോധനയിൽ പ്രജ്വലിന്റെതാണെന്ന് തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. തുടർന്നാണ് കേസിൽ, പ്രജ്വലിന് ജീവപര്യന്തം ശിക്ഷയും അതിജീവതക്ക് നഷ്ടപരിഹാരമായി നൽകാൻ 11 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.
അന്വേഷണത്തിനിടെ അതിജീവത തന്റെ സാരി പ്രജ്വൽ തിരിച്ചു തന്നിട്ടില്ലെന്നും അത് ഫാം ഹൗസിൽ ഉണ്ടാവും എന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വസ്ത്രം കണ്ടെത്താൻ കഴിയില്ല എന്ന ആത്മവിശ്വാസത്തിൽ പ്രജ്വൽ സാരി ഫാം ഹൗസിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
വീട്ടുജോലിക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിലാണ് ഓഗസ്റ്റ് 2ന് പ്രജ്വലിന് ശിക്ഷ വിധിച്ചത്. നേരത്തെ പ്രജ്വൽ പീഡനത്തിനിരയാക്കി എന്ന വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് പ്രജ്വലിന്റെ ലൈംഗിക അതിക്രമ കേസുകൾ. അതോടൊപ്പം കേസുകളുമായി ബന്ധപ്പെട്ട രേഖകളും വീഡിയോകളും കർണാടകയിൽ ഉടനീളം പ്രചരിച്ചിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പ് സമയത്ത് ജെഡിഎസും സഖ്യകക്ഷിയായ ബിജെപിയും കർണാടകയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.