തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ ഏഴ് മണി വരെ തോരാതെ തുടർന്നു. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളെ ആകെ വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി.
മധ്യ കേരളത്തിലെ മറ്റു ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇടുക്കിയിലെ ലോ റേഞ്ചിലാണ് അതിശക്തമായ മഴയെങ്കിലും രാത്രികാല യാത്രകൾ നിയന്ത്രണമുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
ബുധനാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് എഴിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആഗസ്റ്റ് എട്ടിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.