സർവകലാശാല രജിസ്ട്രാർക്ക് വിലക്ക്;ഫയലുകൾ നേരിട്ട് ഹാജരാക്കാൻ നിർദേശിച്ച് വി സി;വി സിയെ സർവകലാശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം :സർക്കാർ ഗവർണർ പോര് ശക്തമാകുന്നതിനിടയിൽ വി സിക്കെതിരെ നിലപാട് കടുപ്പിച്ച് എസ് എഫ് ഐ. കേരള വിസിയെ സർവകലാശാലയിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി നൂറുകണക്കിനു ഫയലുകളാണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രജിസ്ട്രാർ സസ്പെൻഷനിലായശേഷം ഒരു ഫയലും നീങ്ങിയിട്ടില്ല. സിൻഡിക്കേറ്റ് തീരുമാനത്തിനുശേഷം രജിസ്ട്രാർ തിങ്കളാഴ്ച ഓഫീസിൽ വന്നെങ്കിലും ഫയൽനീക്കം നടത്താനുമായിട്ടില്ല. ഇതിനിടെ, വി സി രജിസ്ട്രാർക്ക് വിലക്ക് പ്രഖ്യാപിച്ചതോടെ സർവകലാശാലാഭരണം പൂർണസ്തംഭനത്തിലേക്ക്‌ മാറി

ഇതിന് പിന്നാലെയാണ് വി സിയെ സർവകലാശാലയിൽ കയറ്റില്ലെന്ന പ്രഖ്യാപനവുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ ബലാബലം നടക്കുന്നതിനിടെ, സി പി എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ കാംപസിലെത്തിയത് സമരത്തിനുള്ള രാഷ്ട്രീയപിന്തുണയായി. ഗവർണർ ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ പാർട്ടി വിട്ടുകൊടുക്കില്ലെന്നാണ് ഇതുവഴി സിപിഎം നൽകുന്ന സന്ദേശം. രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചത്‌ റദ്ദാക്കുന്നതിനപ്പുറം സിൻഡിക്കേറ്റിനെ പിരിച്ചുവിടുന്ന കടുത്ത തീരുമാനത്തിലേക്ക് തത്‌കാലം ഗവർണർ കടക്കാൻ സാധ്യതയില്ല. ഇങ്ങനെ ചെയ്യുന്നതിനുമുൻപ്‌ ബന്ധപ്പെട്ട സമിതിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. ഈ നടപടിക്രമം പാലിച്ചുമാത്രമേ ഗവർണർ എന്തെങ്കിലും തീരുമാനത്തിലേക്കു കടക്കൂ എന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

രജിസ്ട്രാറെ വിലക്കിയ വി സി ഫയലുകൾ നേരിട്ടു ഹാജരാക്കാൻ താത്‌കാലിക വി സി ഡോ. സിസാ തോമസ് ജോ.രജിസ്ട്രാർക്ക് നിർദേശവും നൽകി. സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് റിപ്പോർട്ടയച്ചതിനുപിന്നാലെയാണ് വി സിയുടെ ഈ നടപടി. പഞ്ചാബ് സർവകലാശാലയിൽ ബിരുദം നേടിയ ഒരു വിദ്യാർഥി കേരളയിൽ തുടർപഠനത്തിനായി തുല്യതാസർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടിയന്തരസ്വഭാവമുള്ള ഈ ഫയൽ അക്കാദമിക വിഭാഗത്തിൽനിന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർവഴി വിസിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. പക്ഷേ, രജിസ്ട്രാർ അയച്ച ഫയൽ സ്വീകരിക്കാതെ, വി സി അത്‌ മടക്കി. ജോ.രജിസ്ട്രാറോട് നേരിട്ട്‌ ഫയൽ അയക്കാൻ ആവശ്യപ്പെടുകയും തുടർന്ന് സർട്ടിഫിക്കറ്റ് അംഗീകരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *