കൊച്ചി : ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം-2005 പ്രാബല്യത്തിലായതോടെ 2004 ഡിസംബർ 20-നു ശേഷം മരിച്ച അച്ഛന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 1975-ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിർത്തലാക്കിയ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ഇവിടെ ബാധകമാവില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിട്ടു.
അച്ഛന്റെ സ്വത്തിൽ തുല്യാവകാശം കിട്ടാത്തത് ചോദ്യംചെയ്ത് കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജി പരിഗണിക്കവേയാണ് സുപ്രധാന ഉത്തരവ്. ഹരജിക്കാരുടെ സ്വത്ത് ഹർജിക്കാർക്കും സഹോദരനുമായി തുല്യമായി വീതംവെക്കാനും കോടതി നിർദേശിച്ചു.
ജന്മം കൊണ്ട് സ്വത്തിൽ അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആറാം വകുപ്പിൽ പറയുന്നുണ്ട്. ഹിന്ദു അവിഭക്ത സ്വത്തിൽ ജന്മാവകാശമുന്നയിക്കാൻ ആർക്കുംകഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാംവകുപ്പിൽ പറയുന്നത്. തറവാട്ടിലെ എല്ലാ താമസക്കാർക്കുമായി സ്വത്ത് വീതം വെക്കണമെന്ന് നാലാംവകുപ്പിൽ വ്യക്തമാക്കുന്നു. കേരള നിയമത്തിലെ വിപരീതവ്യവസ്ഥകൾ തടസ്സമായതിനാൽ വിവാഹിതരായിപ്പോകുന്ന സ്ത്രീകൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാനാവില്ലായിരുന്നു.
രണ്ടു നിയമങ്ങളും വ്യത്യസ്തകടമകളാണ് നിർവഹിക്കുന്നതെന്നായിരുന്നു കേസിൽ കേരളസർക്കാരിൻറെ വാദം. വിപരീതദിശയിലുള്ളതാണ് രണ്ട് നിയമങ്ങളെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2005-ലെ നിയമം കേരളത്തിന് ബാധകമല്ലെന്ന് എതിർകക്ഷികളായ അമ്മയും സഹോദരനും വാദിച്ചു.
ഹർജിക്കാരുടെ പിതാവ് ജീവിച്ചിരിക്കേ വിൽപത്രപ്രകാരം മകന് സ്വത്തുക്കൾ നൽകിയിരുന്നു. ഇതു ചോദ്യംചെയ്ത പെൺമക്കളുടെ ഹർജി കോഴിക്കോട് സബ്കോടതി തള്ളുകയും അപ്പീൽ അഡീ. സെഷൻസ് കോടതി ഭാഗികമായി അനുവദിക്കുകയും ചെയ്തു. ഇതിനിടെ പിതാവ് മരിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പെൺമക്കൾ ഐശ്വര്യ ദേവതമാരാണെന്ന സ്കന്ദപുരാണത്തിൽ പറയുന്ന വാക്കുകൾ ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ് ആരംഭിക്കുന്നത്. പിതാവിന്റെ സ്വത്തിന്റെ പിന്തുടർച്ചവകാശ വിഷയം വരുമ്പോൾ ഈ വാക്യങ്ങളുടെ അന്തഃസത്തയൊന്നും കാണാറില്ലെന്ന് ഉത്തരവിൽ പറയുന്നു. പ്രാചീനനിയമങ്ങൾ പെൺകുട്ടികൾക്ക് പരമ്പരാഗത സ്വത്തിൽ ജന്മാവകാശം നൽകുന്നില്ല.
1956-ലെ ഹിന്ദു പിന്തുടർച്ചാവകാശനിയമം നിലവിൽ വന്നതിനുശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. 2005-ൽ ഭേദഗതി നടപ്പാക്കിയതോടെ നിയമത്തിൽ സമൂലമായ മാറ്റംവന്നു