തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമയപരിധി അവസാനിക്കുന്നതോടെ സ്വർണവിലയിലും ഏകീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ നിക്ഷേപകരും ആഭരണ പ്രേമികളും.
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 9160 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 9150 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി പവന് സ്വര്‍ണം 73280 രൂപയില്‍ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഇത് 73200 ആയി കുറഞ്ഞിട്ടുണ്ട്.
ട്രംപ് പ്രഖ്യാപിച്ച സമയപരിധി ഓഗസ്റ്റ് ഒന്ന് വരെയാണ്. ഇക്കാലയളവിൽ വില കുറയുകയോ നിലവിലെ സാഹചര്യത്തിൽ തുടരുകയോ ചെയ്തേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കുറയുന്നുണ്ട്. ഇത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന് നിരക്കുകള്‍ നോക്കാം.
അതേസമയം, ആഭരണ പ്രേമികൾക്ക് ആശ്വസം നൽകുന്നതാണ് ദുബായിൽ നിന്നുള്ള സ്വർണ വില വിവരങ്ങൾ. ദുബായിൽ കഴിഞ്ഞ 7 ദിവസത്തിനിടെ 14 ദിർഹത്തിന്റെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ ആഭരണ പ്രേമികൾ.